സാമ്പത്തിക തകർച്ചയിൽ നട്ടംതിരിയുന്ന പാകിസ്താനെയും അവരുടെ വിഭവസമൃദ്ധമായ ബലൂചിസ്ഥാൻ പ്രവിശ്യയെയും പൂർണ്ണമായും അടിമപ്പെടുത്താൻ ചൈനയുടെ വൻ നീക്കം. ബലൂചിസ്ഥാനിലെ ഖനന-നിർമ്മാണ മേഖലകളിൽ 2 ബില്യൺ ഡോളറിന്റെ പുതിയ നിക്ഷേപം ചൈന പ്രഖ്യാപിച്ചത് കേവലം വികസനത്തിനല്ല, മറിച്ച് ആധുനിക അധിനിവേശത്തിനുള്ള ‘ട്രോജൻ കുതിര’യായാണെന്ന് പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബലൂചിസ്ഥാനിലെ 6 ട്രില്യൺ ഡോളർ മൂല്യമുള്ള സ്വർണ്ണം, ചെമ്പ്, ഇരുമ്പ് അയിര് തുടങ്ങിയ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കാനും പ്രവിശ്യയെ ചൈനയുടെ ഒരു കോളനിയാക്കി മാറ്റാനുമാണ് ബെയ്ജിംഗ് ലക്ഷ്യമിടുന്നത്. ഇതിനകം തന്നെ 62 ബില്യൺ ഡോളറിന്റെ ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി (CPEC) വഴി പാകിസ്ഥാൻ ചൈനയുടെ കടക്കെണിയിൽ കുടുങ്ങിക്കഴിഞ്ഞു.
ബലൂചിസ്ഥാനെ പാകിസ്താൻ ചൈനയ്ക്ക് അടിയറവ് വെക്കുമ്പോൾ അവിടെ നടപ്പാക്കുന്നത് ഉയിഗുർ മുസ്ലീങ്ങളെ അടിച്ചമർത്താൻ ചൈന ഉപയോഗിച്ച അതേ ക്രൂരമായ മാതൃകയാണ്. 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ‘എത്‌നിക് യൂണിറ്റി ആൻഡ് പ്രോഗ്രസ് പ്രൊമോഷൻ ആക്ട്’ ഇതിന്റെ ഭാഗമാണ്. ബലൂചിസ്ഥാനിലെ സ്കൂളുകളിലും പൊതുവിടങ്ങളിലും ബലൂചി ഭാഷയ്ക്ക് പകരം മാൻഡറിൻ ഭാഷ നിർബന്ധമാക്കാനും പ്രാദേശിക സംസ്കാരത്തെ ഇല്ലാതാക്കാനും ചൈന നീക്കം തുടങ്ങിക്കഴിഞ്ഞു. ഗ്വാദർ തുറമുഖത്ത് ഇതിനകം തന്നെ 24 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈന വേലികെട്ടി വേർതിരിക്കുകയും 75,000 ചൈനീസ് തൊഴിലാളികളെ താമസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് പ്രാദേശിക ജനതയുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നതിനൊപ്പം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) പോലുള്ള സായുധ ഗ്രൂപ്പുകളുടെ കടുത്ത പ്രതിഷേധത്തിനും ചൈനീസ് എഞ്ചിനീയർമാർക്ക് നേരെയുള്ള ആക്രമണങ്ങൾക്കും കാരണമാകുന്നു.
ലോകമെമ്പാടും ചൈന നടത്തുന്ന സാമ്പത്തിക അധിനിവേശത്തിന്റെ ഒടുവിലത്തെ ഇരയാണ് പാകിസ്ഥാൻ. ഗ്രീസിലെ പിരയസ് തുറമുഖം, ജിബൂട്ടിയിലെ സൈനിക താവളം, സാംബിയയിലെ ഖനികൾ, കെനിയയിലെ മൊംബാസ തുറമുഖം എന്നിവയെല്ലാം കടക്കെണിയിലൂടെ ചൈന സ്വന്തമാക്കിയത് വലിയ പാഠമാണ്. അംഗോളയിലെ 65 ശതമാനം എണ്ണയും ഇപ്പോൾ ചൈനയിലേക്കാണ് പോകുന്നത്. സമാനമായി പാകിസ്ഥാന്റെ 130 ബില്യൺ ഡോളർ കടബാധ്യത മുൻനിർത്തി ബലൂചിസ്ഥാനിലെ റേക്കോ ഡിക് (Reko Diq) പോലുള്ള ലോകത്തെ വലിയ ഖനികൾ ചൈന പിടിച്ചെടുക്കുകയാണ്. വികസനത്തിന്റെ പേരിൽ എത്തുന്ന ചൈനീസ് കമ്പനികൾ ലാഭമെല്ലാം ബെയ്ജിംഗിലേക്ക് കടത്തുമ്പോൾ, പാകിസ്തൻ സ്വന്തം മണ്ണും ജനതയെയും വിദേശികൾക്ക് വിറ്റഴിക്കുകയാണെന്ന് ബലൂച് നേതാക്കൾ ആരോപിക്കുന്നു. ലോകം നിശബ്ദത പാലിക്കുമ്പോൾ ഒരു ജനതയുടെ സ്വത്വവും വിഭവങ്ങളും വ്യാളിയുടെ കൈകളിൽ അമരുകയാണ്.









