അബുദാബി : ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ സ്ഥാനത്തേക്ക് ബിസിസിഐ സെക്രട്ടറി ജയ് ഷാ എത്തുമെന്ന് സൂചന. നിലവിലെ ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേയുടെ കാലാവധി നവംബർ 30 ന് അവസാനിക്കാൻ ഇരിക്കുകയാണ്. പുതിയ ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ആരു വരും എന്നുള്ള ചർച്ചകൾ ചൂടുപിടിച്ചിരിക്കെ ആണ് ചില അന്തർദേശീയ മാദ്ധ്യമങ്ങൾ ബിസിസിഐ സെക്രട്ടറി ആയിരിക്കും അടുത്ത ഐസിസി ചെയർമാൻ ആകുക എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്.
‘ദി ഏജ്’ അടക്കമുള്ള പ്രമുഖ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ അനുസരിച്ച് ഐസിസിയുടെ പുതിയ ചെയർമാൻ സ്ഥാനത്തേക്ക് ജയ് ഷാക്ക് വലിയ പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. ക്രിക്കറ്റ് ഓസ്ട്രേലിയയും വെയിൽസ് ക്രിക്കറ്റ് ബോർഡും ഇംഗ്ലണ്ടും ഐസിസിയിലെ മറ്റ് അംഗങ്ങളും തങ്ങളുടെ പൂർണ്ണ പിന്തുണ ജയ് ഷായ്ക്ക് നൽകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ വിഷയത്തെപ്പറ്റി ഐസിസിയോ ജയ് ഷായോ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല. ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ഔദ്യോഗിക നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 27 ആണ്.
ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി ചുമതലയേറ്റതിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൽ ഉണ്ടായ വലിയ മാറ്റങ്ങൾ ആണ് ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ജയ് ഷായെ പരിഗണിക്കുന്നതിനുള്ള പ്രധാന കാരണം. എന്നാൽ ഈ സ്ഥാനം ഏറ്റെടുക്കുന്നതിൽ ജയ് ഷാ എന്ത് നിലപാട് സ്വീകരിക്കും എന്നുള്ള കാര്യം വ്യക്തമല്ല. രണ്ട് വർഷം വീതമുള്ള മൂന്ന് ടേമുകൾ ആണ് ഒരു ഐസിസി ചെയർമാന് ഉണ്ടായിരിക്കുക. ന്യൂസിലൻഡ് ആസ്ഥാനമായുള്ള അഭിഭാഷകനായ ബാർക്ലേ നാല് വർഷം പൂർത്തിയാക്കിയ ശേഷമാണ് സ്ഥാനമൊഴിയുന്നത്.
Discussion about this post