റായ്പൂർ : പറത്തിവിട്ട പ്രാവ് കുഴഞ്ഞു നിലത്ത് വീണതിന് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് പോലീസ് ഉദ്യോഗസ്ഥൻ. ഛത്തീസ്ഗഡിലാണ് സംഭവം നടന്നത്. ഛത്തീസ്ഗഡിലെ മുംഗേലി ജില്ലയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്ഥലം എസ്പി പറത്തിവിട്ട പ്രാവ് ഉടൻതന്നെ കുഴഞ്ഞു നിലത്തു വീഴുകയായിരുന്നു.
ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ പുന്നൂലാൽ മൊഹ്‌ലെ, മുങ്ങേലി കളക്ടർ രാഹുൽ ദിയോ, പോലീസ് സൂപ്രണ്ട് ഗിരിജ ശങ്കർ ജയ്‌സ്വാൾ എന്നിവരായിരുന്നു സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ മുഖ്യ അതിഥികൾ. സമാധാനത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും പ്രതീകമായി പ്രാവുകളെ പറത്തിവിടുന്നത് ആയിരുന്നു പരിപാടിയിലെ മുഖ്യ ചടങ്ങ്. എംഎൽഎയും കളക്ടറും പറത്തിവിട്ട പ്രാവുകൾ നല്ല രീതിയിൽ പറന്നെങ്കിലും എസ്പി പറത്തിയ പ്രാവ് മാത്രം ഉടൻ തന്നെ കുഴഞ്ഞ് നിലത്ത് വീഴുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ രീതിയിലുള്ള ട്രോളുകൾക്ക് വഴി വച്ചിരുന്നു. നേരത്തെ പഞ്ചായത്ത് സീസൺ 3 പരമ്പരയിലും ഇതിന് സമാനമായ ഒരു രംഗം ഉണ്ടായിരുന്നു. പരമ്പരയിലെ ഈ സീനിന്റെ ആവർത്തനമാണ് മുംഗേലി ജില്ലയിൽ നടന്നതെന്നായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പഞ്ചായത്ത് സീസൺ 3 എന്ന പരമ്പരയിലെ ഈ രംഗം കേരള മുഖ്യമന്ത്രിയുടെ ഒരു പരിപാടിയിൽ നിന്നും കോപ്പിയടിച്ചതാണെന്നും ട്രോളുകൾ ഉണ്ടായിരുന്നു.
സംഭവത്തെ തുടർന്ന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് എസ് പി കളക്ടർക്ക് കത്തയച്ചു. തനിക്ക് പറത്താനായി രോഗിയായ പ്രാവിനെ നൽകിയതിനാലാണ് പ്രാവ് കുഴഞ്ഞുവീണത് എന്നാണ് എസ്പി കളക്ടർക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്.
Discussion about this post