ന്യൂഡൽഹി : ഇന്ത്യ ഏറെ നാളുകളായി കാത്തിരുന്ന ജനസംഖ്യാ സെൻസസ് സെപ്റ്റംബറിൽ ആരംഭിച്ചേക്കുമെന്ന് സൂചന. ഏതാണ്ട് 18 മാസം എടുത്തായിരിക്കും സെൻസസ് പൂർത്തിയാക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്റ്റാറ്റിസ്റ്റിക്‌സ് ആൻ്റ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയവും ചേർന്നായിരിക്കും സെൻസസിന്റെ ചുമതലകൾ നിറവേറ്റുന്നത്.
2026 മാർച്ചോടെ ഫലങ്ങൾ പുറത്തുവിടുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ആഭ്യന്തരമ മന്ത്രാലയം ജനസംഖ്യാ സെൻസസിനായി ഈ വർഷം സെപ്റ്റംബറോടെ ഒരുങ്ങുന്നത്. 2011ലായിരുന്നു രാജ്യത്ത് അവസാനമായി ജനസംഖ്യാ സെൻസസ് നടത്തിയിരുന്നത്. അവസാന സെൻസസ് പ്രകാരം 121.1 കോടിയായിരുന്നു ഇന്ത്യയുടെ ജനസംഖ്യ. എന്നാൽ 2023ലെ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് ഇന്ത്യൻ ജനസംഖ്യ 142 കോടി കടന്നു എന്നാണ് പറയപ്പെടുന്നത്.
രാജ്യത്തിന്റെ പുതിയ ജനസംഖ്യ സെൻസസ് 2021-ൽ പൂർത്തിയാക്കാനാണ് നരേന്ദ്രമോദി സർക്കാർ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ്-19 മഹാമാരി സൃഷ്ടിച്ച വെല്ലുവിളികൾ മൂലം ഇത് നീണ്ടു പോവുകയായിരുന്നു. സാങ്കേതിക പ്രശ്നങ്ങളും ലോജിസ്റ്റിക്കൽ തടസ്സങ്ങളും നേരിട്ടതിനാലാണ് ജനസംഖ്യാ സെൻസസ് മൂന്നുവർഷത്തിലേറെ നീണ്ടു പോകാൻ കാരണമായത്. രാജ്യത്തുടനീളമുള്ള വിഭവങ്ങളുടെയും സേവനങ്ങളുടെയും തുല്യമായ വിതരണം ഉറപ്പാക്കുന്നതിന് ഏറെ അത്യന്താപേക്ഷിതമാണ് ജനസംഖ്യ സെൻസസ്.
Discussion about this post