വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യക്കാരുടെ ഒരു ജനപ്രിയ സ്ഥലമായിരുന്ന മാലിദ്വീപിനെ ഇപ്പോൾ ടൂറിസം മേഖല പൂര്‍ണമായും കൈയൊഴിഞ്ഞ അവസ്ഥയാണ്. ഇന്ത്യക്കെതിരെയുള്ള മാലിദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമര്‍ശം മാലിദ്വീപ് സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറച്ചു. പ്രധാനമന്ത്രി മോദിയുടെ ലക്ഷദ്വീപ് സന്ദർശനം, മാലിദ്വീപിന് പകരം ലക്ഷദ്വീപ് സന്ദർശിക്കാൻ മറ്റൊരു ആഹ്വാനം നൽകി.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളില്‍ ലക്ഷദ്വീപിലെ ഏക വിമാനത്താവളമായ അഗത്തിയിൽ 22,990 യാത്രക്കാരാണ് എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11,074 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അതേസമയം, മാലിദ്വീപിലെ ടൂറിസം മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത് ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സമയത്ത് ഇന്ത്യൻ ടൂറിസ്റ്റുകൾ 28,604 മാത്രമായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ 54,207 ഇന്ത്യൻ വിനോദസഞ്ചാരികളാണ് എത്തിയിരുന്നത്. അതായത്, 50% ഇടിവാണ് ഈ മേഖലയില്‍ ഉണ്ടായത്.
അഗത്തിയിൽ വിമാനങ്ങളുടെ എണ്ണത്തിൽ 88 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 786 വിമാനങ്ങള്‍ പറന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 418 ആയിരുന്നു.
കൊച്ചിയിൽ നിന്നുള്ള അലയൻസ് എയറിൻ്റെ പ്രതിദിന സർവീസ് ഈ വർഷം ആദ്യം വർധിപ്പിച്ചതിനു പുറമെ ഇൻഡിഗോ, ഫ്ലൈ91 എന്നിവയും കൊച്ചിയിലേക്ക് സർവീസ് നടത്തുന്നുണ്ട്. അലയൻസ് എയർ ഇപ്പോൾ ആഴ്ചയിൽ എട്ട് തവണ സർവീസ് നടത്തുമ്പോൾ ഇൻഡിഗോ കൊച്ചിയിൽ നിന്ന് ദിവസവും സർവീസ് നടത്തുന്നു. ഇൻഡിഗോ ബെംഗളൂരുവിൽ നിന്ന് പ്രതിദിന സർവീസ് നടത്തുമ്പോൾ ഫ്ലൈ 91 ഗോവയിൽ നിന്ന് പ്രതിദിന സർവീസ് നടത്തുന്നു.
Discussion about this post