ന്യൂഡൽഹി: നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ നേതാക്കളെ അദ്ദേഹത്തിൻ്റെ ഗുപ്കറിലെ വസതിയിൽ വന്ന് കണ്ട് മുതിർന്ന അമേരിക്കൻ നയതന്ത്രജ്ഞർ.
2019 ഓഗസ്റ്റിൽ നരേന്ദ്ര മോദിയുടെ കീഴിലുള്ള ബി ജെ പി സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷമുള്ള കശ്മീരിലെ നിർണായക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇത്.
യുഎസ് കോൺസൽ ജനറൽ ജെന്നിഫർ ലാർസൺ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസിയെ ഹൈദരാബാദിലെ അദ്ദേഹത്തിൻ്റെ വീട്ടിൽ സന്ദർശിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് സന്ദർശനം.
ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനു പുറകിൽ അമേരിക്ക ആണെന്ന അഭിപ്രായം നിലനിൽക്കവേ വലിയ രാഷ്ട്രീയ പ്രാധാന്യമാണ്, നയതന്ത്രജ്ഞരുടെ ഈ സന്ദർശനത്തിന് ലഭിക്കുന്നത്.
ഡൽഹിയിലെ യുഎസ് എംബസിയിലെ രാഷ്ട്രീയകാര്യ മന്ത്രി-കൗൺസിലർ ഗ്രഹാം മേയർ, ഫസ്റ്റ് സെക്രട്ടറി ഗാരി ആപ്പിൾഗാർത്ത്, പൊളിറ്റിക്കൽ കൗൺസിലർ അഭിരാം ഘദ്യാൽപതിൽ എന്നിവരാണ് ജമ്മു കശ്മീരിലേക്കുള്ള അമേരിക്കൻ പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
എല്ലാ കക്ഷികളുമായും കൂടിക്കാഴ്ച നടത്താനും നിർണ്ണായകമായ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥിതിഗതികൾ വിലയിരുത്താനുമുള്ള നയതന്ത്ര ചർച്ചയുടെ ഭാഗമാണ് സന്ദർശനമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Discussion about this post