കൊൽക്കത്ത; ആർജികർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ യുവതിയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ് മമത ബാനർജി. തൃണമൂൽ ഛത്ര പരിഷത്തിന്റെ സ്ഥാപക ദിനം സംഭവത്തിന് ഇരയായ പെൺകുട്ടിക്ക് സമർപ്പിക്കുന്നതായി മുഖ്യമന്ത്രി മമത എക്സിൽ എഴുതിയ പോസ്റ്റിൽ പറഞ്ഞു.
മനുഷ്യത്വ രഹിതമായ സംഭവങ്ങൾക്കിരയാകുന്ന എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കുമൊപ്പമാണ് തങ്ങൾ, മാപ്പെന്ന് അവർ കുറിച്ചു. ബംഗാളിയിലാണ് മമതയുടെ പോസ്റ്റ്. ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സഹോദരിയുടെ കുടുംബത്തെ ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. അവൾക്ക് വേഗത്തിൽ നീതി ലഭിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുവെന്ന് മമത ബാനർജി വ്യക്തമാക്കി.
മമതയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം സംസ്ഥാനത്തിന്റെ പലഭാഗത്തും ശക്തമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ മാപ്പ് പറഞ്ഞുള്ള തടിയൂരൽ.അതേസമയം, പശ്ചിമ ബംഗാളിൽ ബിജെപി ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെ 12 മണിക്കൂർ ബന്ദിനാണ് ബിജെപി ആഹ്വാനം ചെയ്തത്. അതേസമയം ബന്ദ് ആഹ്വാനം തള്ളിയ സംസ്ഥാന സർക്കാർ, സർക്കാർ സ്ഥാപനങ്ങൾ അടക്കമുള്ള തുറന്നു പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. ബംഗാൾ പോലീസിന് കർശന ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Discussion about this post