ന്യൂഡൽഹി: ഡിസ്നി ഹോട്സ്റ്റാറുമായി ലയിക്കുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ താരിഫ് വർദ്ധിപ്പിച്ച് റിലയൻസ് ജിയോ. പ്രീപ്പെഡ് റീചാർജ് പ്ലാനുകളുടെ നിരക്കാണ് വർദ്ധിപ്പിച്ചത്. സൗജന്യ ഒടിടി സബ്സ്ക്രിപ്ഷനുകളും പുതിയ പദ്ധതിയിൽ ജിയോ ഉൾപ്പെടുത്തിയിട്ടുണ്ട്.
200 ഉം 300 ഉം രൂപയാണ് പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. 1099 രൂപയുടെയും, 1499 രൂപയുടെയും പ്ലാനുകളുടെ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിന്റെ സേവനങ്ങൾ ആണ് ഇതോടൊപ്പം കമ്പനി സൗജന്യമായി നൽകുന്നത്. പുതിയ നിരക്കുകൾ ജിയോ വെബ്സൈറ്റിലും മൈ ജിയോ ആപ്പിലും ലഭ്യമാണെന്ന് കമ്പനി വ്യക്തമാക്കി.
1099 രൂപയുടെ പ്ലാനിന് 200 രൂപ വർദ്ധിച്ചതോടെ റീചാർജിനായി ഇനി മുതൽ ഉപഭോക്താക്കൾ 1299 രൂപ നൽകണം. 1 മാസത്തെ സൗജന്യ നെറ്റ്ഫ്ളിക്സ് സേവനം ആണ് ലഭിക്കുക. 84 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും.
1499 രൂപയുടെ റീചാർജിന് 300 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഈ പ്ലാനിന് 1799 രൂപ നൽകണം. നെറ്റ്ഫ്ളിക്സിന്റെ ബേസിക് സബ്സ്ക്രിപ്ഷൻ ഇതോടൊപ്പം ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ 3 ജിബി ഡാറ്റ സൗജന്യമായി ലഭിക്കും.
Discussion about this post