അഹമ്മദാബാദ്: അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപം കൊള്ളുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ ഗുജറാത്ത് തീരം. സംസ്ഥാനത്തിന്റെ തീരമേഖലകൡ ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നിലവിൽ സൗരാഷ്ട്ര കച്ച് മേഖലകൾക്ക് മുകളിലായി കാണപ്പെടുന്ന അതിതീവ്ര ന്യൂനമർദ്ദം പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ നേരിയ മഴയും കാറ്റും അനുഭവപ്പെടുകയാണ്. എന്നാൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതോടെ ഇത് ശക്തമാകും എന്നാണ് റിപ്പോർട്ടുകൾ.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്. ഇതിന് പുറമേ മണിക്കൂറിൽ 65 കിലോ മീറ്റർ വേഗതിയിൽ വീശിയടിക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ട്. വടക്കൻ മഹാരാഷ്ട്ര തീരത്തും ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ട്.
മോശം കാലാവസ്ഥയ്ക്ക് സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗുജറാത്ത് തീരത്തിന് പുറമേ മഹാരാഷ്ട്ര തീരത്തും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
Discussion about this post