അംബാല: ബീഫ് കഴിക്കാതെ ജീവിക്കാന്‍ കഴിയാത്തവര്‍ ഹരിയാനയിലേക്ക് വരേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി അനില്‍ വിജ്. ഗോവധത്തിനെതിരെ കടുത്ത നിയമങ്ങള്‍ നിലവിലുള്ള സംസ്ഥാനമാണ് ഹരിയാന. വിദേശികള്‍ക്കും ബീഫ് നിരോധനത്തില്‍ യാതൊരു ഇളവും നല്‍കുകയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദേശികൾക്കു വേണ്ടി ബീഫ് നിരോധനത്തിൽ മാറ്റം വരുത്തുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഭക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇവിടേക്ക് സന്ദര്‍ശനം നടത്താറില്ല. അതുപോലെ തന്നെ ബീഫ് കഴിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ ഹരിയാനയിലേക്ക് വരേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനം സന്ദര്‍ശിക്കുന്ന വിദേശികള്‍ക്ക് പശുവിറച്ചി കഴിക്കാന്‍ യാതൊരു ഇളവുകളും നല്‍കില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിജ് പറഞ്ഞു. അതേസമയം, ഹരിയാനയില്‍ വിദേശികള്‍ക്ക് ബീഫ് കഴിക്കാന്‍ പ്രത്യേക അനുമതി നല്‍കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
നിരവധി ഓട്ടോമൊബൈല്‍, സോഫ്റ്റ് വെയര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള നിരവധിയാളുകളാണ് ജോലി ചെയ്യുന്നത്. ഇഷ്ടഭക്ഷണം കഴിക്കാന്‍ ഭയപ്പെടേണ്ട അവസ്ഥയാണെന്ന് ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ കമ്പനികള്‍ ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അനില്‍ വിജ് കഴിഞ്ഞ വര്‍ഷം രംഗത്തെത്തിയിരുന്നു. ഇതിനായി ഒരു ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേയും അദ്ദേഹം നടത്തിയിരുന്നു.
Discussion about this post