ന്യൂഡൽഹി : 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലറിനെതിരെ കൊലക്കുറ്റം ചുമത്തി ഡൽഹി റോസ് അവന്യൂ കോടതി. സിഖ് കൂട്ടക്കൊലയിൽ ജഗദീഷ് ടൈറ്റ്ലറിനെ വിചാരണ ചെയ്യാൻ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് പ്രത്യേക സിബിഐ ജഡ്ജി രാകേഷ് സിയാൽ വ്യക്തമാക്കി. വടക്കൻ ഡൽഹിയിലെ പുൽ ബംഗഷ് പ്രദേശത്ത് വെച്ച് മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ ജഗദീഷ് ടൈറ്റ്ലറിനെതിരെ കൊലപാതകത്തിനും മറ്റു കുറ്റകൃത്യങ്ങൾക്കും ചേർത്ത് കുറ്റം ചുമത്താൻ ആണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
ഇന്ദിര ഗാന്ധി വധത്തിനു ശേഷം സിഖുകാർ കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവത്തിലാണ് 40 വർഷങ്ങൾക്ക് ശേഷം കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്. 1984 നവംബർ ഒന്നിന് പുൽ ബംഗഷ് പ്രദേശത്തെ ഗുരുദ്വാരയ്ക്ക് മുൻപിലേക്ക് വെളുത്ത അംബാസഡർ കാറിൽ എത്തിയ കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലർ അവിടെയുണ്ടായിരുന്ന ആൾക്കൂട്ടത്തെ കൊലപാതകത്തിനായി പ്രേരിപ്പിച്ചു എന്നാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്. ഈ സമയം പ്രദേശത്തുണ്ടായിരുന്ന സാക്ഷികളുടെ മൊഴിയനുസരിച്ച് “സിഖുകാരെ എല്ലാവരെയും കൊല്ല്, അവർ ഞങ്ങളുടെ അമ്മയെ കൊന്നു ” എന്ന് ജഗദീഷ് ടൈറ്റ്ലർ ഉറക്കെ വിളിച്ചു പറഞ്ഞതായി വ്യക്തമാക്കുന്നു. തുടർന്ന് ഈ ഗുരുദ്വാരയിൽ ഉണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ട കേസിൽ ആണ് ടൈറ്റ്ലറിനെതിരെ കോടതി നടപടി എടുത്തിട്ടുള്ളത്.
അന്യായമായി സംഘം ചേരൽ, കലാപം, വിവിധ ഗ്രൂപ്പുകൾക്കിടയിലായി ശത്രുത വളർത്തൽ, ഭവനഭേദനം, മോഷണം നിരവധി കുറ്റങ്ങൾ ഈ കേസിൽ ചുമത്താൻ ആയി കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസിൽ സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തെ തുടർന്നാണ് ഡൽഹി റോസ് അവന്യൂ കോടതി പുതിയ നടപടികളിലേക്ക് കടന്നിരിക്കുന്നത്.
Discussion about this post