കോഴിക്കോട് : അന്തരിച്ച നടൻ മാമുക്കോയക്കെതിരെ ജൂനിയർ ആർട്ടിസ്റ്റ് നടത്തിയ ആരോപണത്തിൽ പരാതിയുമായി മകൻ. മാമുക്കോയയുടെ മകന്‍ നിസാര്‍ മാമുക്കോയ ആണ് ജൂനിയർ ആർട്ടിസ്റ്റിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുള്ളത്. തന്റെ പിതാവിനെതിരെ അപവാദപ്രചാരണം നടത്തിയതിന് നടപടി സ്വീകരിക്കണമെന്നാണ് നിസാറിന്റെ പരാതിയില്‍ പറയുന്നത്.
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നിസാര്‍ മാമുക്കോയ പരാതി നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു സിനിമ രംഗത്ത് നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് ജൂനിയർ ആർട്ടിസ്റ്റ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. നടന്മാരായ ഇടവേള ബാബു, സുധീഷ്, മാമുക്കോയ, അന്തരിച്ച സംവിധായകന്‍ ഹരികുമാര്‍ എന്നിവര്‍ക്കെതിരെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ നടി ആരോപണം ഉന്നയിച്ചത്.
അന്തരിച്ച മാമുക്കോയയും ഹരികുമാറും ഒഴികെയുള്ള എല്ലാവർക്കും എതിരെയും ജൂനിയർ ആർട്ടിസ്റ്റ് ആയ നടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവരുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. സംഭവത്തെ തുടർന്ന് നടന്മാരായ സുധീഷിനും ഇടവേള ബാബുവിനുമെതിരെ നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post