ഡല്‍ഹി: ഭരണഘടന പറയുന്ന ലിംഗസമത്വം രാജ്യത്ത് ഇപ്പോഴും സങ്കല്പം മാത്രമാണെന്ന് സുപ്രീം കോടതി. പുതിയ സാമൂഹ്യ മാറ്റങ്ങള്‍ സ്ത്രീകളുടെ കൂടി പങ്കാളിത്തതോട് കൂടി മാത്രമെ സാധിക്കുവെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
ചത്തീസ്ഗഢിലെ വനിതാ ഡിവൈഎസ്പി റിച്ചാ മിശ്രക്ക് സ്ഥാനക്കയറ്റം നിഷേധിച്ച കേസ്സില്‍ ചത്തീസ്ഗഢ് പോലീസിനെ വിമര്‍ശിച്ചു കൊണ്ടാണ് സുപ്രീം കോടതി സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. രാജ്യത്തെ സ്ത്രീ ശാക്തീകരണിത്തിനായുള്ള നയങ്ങളില്‍ ഗുരുതരമായ പോരായ്മകള്‍ നിലനില്‍ക്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തി.
സ്ത്രീകളെ സാമൂഹ്യ പദ്ധതികളുടെ ഗുണഭോക്താക്കളായി മാത്രം കാണുന്നതാണ് അവസര സമത്വം ഇല്ലാത്തതിന്റെ പ്രധാന കാരണമെന്ന് ജസ്റ്റിസ് എ.കെ സിക്രി, എ.എം സപ്രെ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് വിലയിരുത്തി. ഇന്ത്യയിലെ ഗ്രാമനഗരങ്ങളില്‍ ഇപ്പോഴും ഭൂരിപക്ഷം സ്ത്രീകളും ആശ്രിതര്‍ മാത്രമാണെന്നും 38 പേജുള്ള വിധി ന്യായത്തില്‍ ചൂണ്ടികാട്ടുന്നുണ്ട്.
വിദ്യാഭ്യാസം, ആരോഗ്യം, നയരൂപീകരണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളില്‍ സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച് കൃത്യമായ വിലയിരുത്തലുകളും, നിരീക്ഷണവും സംസ്ഥാന സര്‍ക്കാരുകള്‍ നടത്തണം. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ കാലോചിതമാണെന്നും എന്നാല്‍ സ്ത്രീ ശാക്തീകരണത്തിനായി ഇനിയും കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Discussion about this post