തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിലുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ടു സ്ത്രീകൾ വെന്തുമരിച്ചു. ഓഫീസിലെ ജീവനക്കാരി വൈഷ്ണയും (35) മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്തു നടത്തുകയായിരുന്നു മരിച്ച വൈഷ്ണ. മരിച്ച രണ്ടാമത്തെ സ്ത്രീ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കായി വന്നതാണ് എന്നാണു സംശയിക്കുന്നത്. തീ പടരുന്നതു കണ്ടു സ്ത്രീകള്‍ പിന്നിലെ വാതിലിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല.
അതെ സമയം സംഭവത്തിൽ ദുരൂഹതയുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. ഓഫീസിലേക്ക് രണ്ടാമത്തെ സ്ത്രീ പുറത്തുനിന്ന് വന്നതിനു ശേഷമാണു പ്രശ്നങ്ങൾ തുടങ്ങിയത്. ഇവരെത്തിയതിന് പിന്നാലെ ഉച്ചത്തിൽ വഴക്ക് കേട്ടിരുന്നുവെന്ന് നാട്ടുകാരിലൊരാൾ വെളിപ്പെടുത്തിയതാണ് ദുരൂഹതക്ക് കാരണമായത് . ആദ്യം ഗ്ലാസ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുവെന്നും ഇതേ തുടർന്ന്, തീ ഉയരുകയായിരുന്നുവെന്നും നാട്ടുകാർ വ്യക്തമാക്കി.
തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരിൽ ചിലർ ബക്കറ്റിൽ വെള്ളം കോരിയൊഴിച്ച് തീ കെടുത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. അതെ സമയം വിവരം നൽകിയിട്ടും ഫയർ ഫോഴ്സ് എത്താൻ വൈകിയെന്നും നാട്ടുകാർ അറിയിച്ചു. ഫയർ ഫോഴ്സ് സംഘം എത്തിയപ്പോഴേക്കും രണ്ടു പേരും മരണപ്പെട്ടിരുന്നു.
Discussion about this post