പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ വച്ച് കൊല്ലപ്പെട്ടുവെന്ന വാർത്ത വ്യാപകമായി പ്രചരിക്കുകയാണ്. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിഞ്ഞുവരുന്ന ഇമ്രാൻഖാനെ പാകിസ്താന്റെ സംയുക്ത സൈനിക മേധാവിയായ അസിം മുനീറും ഭീകരസംഘടനയായ ഐഎസ്‌ഐയും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് ഏറ്റവും പുതിയ ആരോപണം. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ കാരണക്കാരൻ അസിം മുനീറായിരിക്കുമെന്ന് ഇമ്രാൻഖാൻ പാർട്ടി പ്രവർത്തകരോട് ഇതിന് മുൻപ് പറഞ്ഞിരുന്നു.
പാക് സൈനിക മേധാവി അസിം മുനീറും ഐഎസ്‌ഐയും ചേർന്ന് ഇമ്രാൻ ഖാനെ ജയിലിൽ വച്ച് കൊലപ്പെടുത്തി എന്ന വിവരമാണ് പുറത്തുവരുന്നതെന്ന് തർക്കപ്രദേശമായ ബലൂചിസ്താനിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലുള്ള എക്‌സ് അക്കൗണ്ടിലെ പോസ്റ്റിൽ പറയുന്നു. ഈ വിവരം ശരിയാണെങ്കിൽ പാക് തീവ്രവാദികളുടെ അവസാനമായിരിക്കും അത്. സത്യം പുറത്തുവരുന്ന നിമിഷം പാക്ക് ഭരണകൂടത്തിന്റെ അവസാനത്തിന്റെ തുടക്കമാകുമെന്നും പോസ്റ്റിൽ പറഞ്ഞു.
ഈ അഭ്യൂഹങ്ങൾക്കിടെ, തടവിലുള്ള സഹോദരനെ കാണാൻ അനുമതി ചോദിച്ചതിന് പോലീസുകാർ ക്രൂരമായി മർദിച്ചെന്ന് ഇമ്രാന്റെ സഹോദരിമാർ ആരോപിച്ചു. ഇമ്രാൻ ഖാന്റെ സഹോദരിമാരായ നൊറീൻ ഖാൻ, അലീമ ഖാൻ, ഉസ്മ ഖാൻ എന്നിവർക്കാണ് മർദനമേറ്റത്. 2023 മുതൽ ഇമ്രാൻ ഖാൻ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്. തങ്ങളുടെ സഹോദരനെ മൂന്നാഴ്ചയിലധികമായി കാണാൻ അധികൃതർ അനുവദിച്ചിട്ടില്ലെന്നും ഖാന്റെ സഹോദരിമാർ ആരോപിക്കുന്നു.
2023 ഓഗസ്റ്റ് മുതൽ നിരവധി കുറ്റങ്ങൾ ചുമത്തി ജയിലിൽ കഴിയുന്ന ഇമ്രാൻഖാനെ സന്ദർശിക്കുന്നതിന് സർക്കാർ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതുമുതൽ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള വ്യാജ റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുൻ പ്രധാനമന്ത്രി പൂർണ്ണമായും ഒറ്റപ്പെടലിലും ഏകാന്തതടവിലുമാണെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) അവകാശപ്പെട്ടു. പിടിഐ ചെയർമാൻ ദുരൂഹമായി കൊല്ലപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ മൃതദേഹം ജയിലിൽ നിന്ന് പുറത്തേക്ക് മാറ്റിയെന്നും ‘അഫ്ഗാനിസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു.








