ഇന്ത്യൻ ടെസ്റ്റ് ടീം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി സമയത്തിലൂടെ പോകുന്ന കാലഘട്ടമാണ് ഇപ്പോൾ ഉള്ളത്. വൈറ്റ് ബോൾ ക്രിക്കറ്റിലെ രാജാക്കന്മാരായ ടീമിന് ടെസ്റ്റ് ഫോർമാറ്റിൽ, പ്രത്യേകിച്ച് സ്വന്തം നാട്ടിൽ ടെസ്റ്റ് മത്സരങ്ങൾ നടക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിക്കുകയാണ് ഓരോ ആരാധകനും. കഴിഞ്ഞ വർഷം കിവീസിനോട് സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പര അടിയറവ് വെച്ച ഇന്ത്യ അന്ന് വൈറ്റ് വാഷ് ആയപ്പോൾ അത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒന്നായി ചിലരെങ്കിലും ആശ്വസിച്ചു എങ്കിലും സംഭവിക്കാൻ പോകുന്ന അപകടത്തിന്റെ സൂചന മാത്രമായിരുന്നു ആ തോൽവി.
തുടർന്ന് ബോർഡർ ഗാവസ്കർ ട്രോഫിയിൽ ഓസ്‌ട്രേലിയയോട് അവരുടെ മണ്ണിൽ പരാജയപ്പെട്ട ഇന്ത്യ ( 1 – 3 ) ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെത്താതെ പുറത്തായി. ഈ നാളുകളിലൊക്കെ ടീമിൽ മാറ്റങ്ങൾ ഉണ്ടായി. ഓസ്‌ട്രേലിയൻ പരമ്പരയ്ക്കിടെ രവിചന്ദ്രൻ അശ്വിൻ ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വാർത്തയും നമ്മൾ ആശങ്കയോടെയാണ് കണ്ടത്. ശേഷം അടുത്ത സൈക്കിളിൽ കാര്യങ്ങൾക്ക് മാറ്റം ഉണ്ടാകുമെന്ന് കരുതിയതാണ്. അതിനിടയിൽ രോഹിത്, കോഹ്‌ലി തുടങ്ങിയവരുടെ അപ്രതീക്ഷിത വിരമിക്കൽ ഇന്ത്യൻ ടീമിനെ മാത്രമല്ല ലോക ക്രിക്കറ്റിനെ മുഴുവൻ ഞെട്ടിച്ചു. എന്നാൽ ആ പരമ്പര ഗിൽ എന്ന പുതിയ നായകന്റെ കീഴിൽ സമനില പിടിക്കാൻ ഇന്ത്യക്ക് സാധിച്ചു ( 2 – 2 ). ഇംഗ്ലണ്ട് മണ്ണിൽ അന്നത്തെ സാഹചര്യം വെച്ച് നല്ല ഫലമായിരുന്നു അത്.
ശേഷം വെസ്റ്റ് ഇൻഡീസ് പരമ്പര സ്വന്തം മണ്ണിൽ നടന്നപ്പോൾ അത് ഇന്ത്യ തൂത്തുവാരി ( 2 – 0 ). എന്നാൽ വെസ്റ്റ് ഇൻഡീസ് പോലെ ആർക്കും തോല്പിക്കാവുന്ന ടീമിനെതിരെ പോലും ടീം ചില മേഖലകളിൽ ബുദ്ധിമുട്ടുകൾ നേരിട്ടു. ഇപ്പോഴിതാ ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ആഫ്രിക്കൻ സംഘത്തിനെതിരെ ടീം സമ്പൂർണ പരാജയമായിരിക്കുന്നു. എന്തായാലും ഈ വർഷം ഇനി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കാണണം എങ്കിൽ താഴെ പറയുന്നത് സംഭവിക്കണം.
– ശ്രീലങ്കയ്‌ക്കെതിരായ 2 ടെസ്റ്റുകൾ.
– ന്യൂസിലൻഡിനെതിരെ 2 ടെസ്റ്റുകൾ.
– ഓസ്‌ട്രേലിയയ്‌ക്കെതിരായ 5 ടെസ്റ്റുകൾ.
ആകെ 9 മത്സരങ്ങളാണ് ഇനി ഇന്ത്യക്ക് ഉള്ളത്, ഇതിൽ 7 മത്സരങ്ങൾ ടീമിന് ജയിക്കണം. അതാണ് നിലവിലെ സാഹചര്യം. ഇതിൽ കിവീസ്, ലങ്ക പര്യടനം എതിർ മടയിലും ഓസ്‌ട്രേലിയൻ ടെസ്റ്റ് ഇന്ത്യൻ മണ്ണിലുമായിരിക്കും നടക്കുക.













Discussion about this post