തിരുവനന്തപുരം: പി വി അൻവർ നടത്തിയ വെളിപ്പെടുത്തലിലൂടെ വിവാദ നായകനായ എ ഡി ജി പി അജിത് കുമാറിനെതിരെ മറ്റൊരു ഗുരുതര ആരോപണം. കൊല്ലം ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടു പോയ പെൺകുട്ടിയുടെ പിതാവാണ് അന്വേഷണത്തിൽ, വിവരങ്ങൾ നൽകിയിട്ടും എ ഡിജിപി അത് മുഖ വിലക്കെടുത്തില്ല എന്ന ആരോപണവുമായി രംഗത്ത് വന്നത്.
കൊല്ലത്ത് നിന്നും സ്കൂൾ കഴിഞ്ഞു വരുന്ന പെൺകുട്ടിയെ കാറിൽ വന്ന സംഘം തട്ടിക്കൊണ്ടു പോയത് ജനശ്രദ്ധ ആകർഷിച്ചിരുന്നു . അന്ന് കേസുമായി ബന്ധപ്പെട്ട് മകളെ തട്ടിക്കൊണ്ടുപോയ അജ്ഞാത സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നെന്ന് അന്വേഷണസംഘത്തോട് പറഞ്ഞിട്ടും ഇക്കാര്യം മുഖവിലയ്ക്കെടുത്തില്ലെന്നും അന്വേഷണം കുടുംബ സുഹൃത്തായ പത്മകുമാറിലും ഭാര്യ അനിതകുമാരിയിലും മകളിലും മാത്രം ഒതുക്കാൻ ആയിരുന്നു പൊലീസിന്റെ ശ്രമം എന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കൊല്ലത്ത് നിന്നും തട്ടിക്കൊണ്ടു പോയ പെൺകുട്ടിയുടെ പിതാവ് റെജി ഒരു സ്വകാര്യ മാദ്ധ്യമത്തോടാണ് വെളിപ്പെടുത്തൽ നടത്തിയത്.
കുട്ടിയെ തട്ടിക്കൊണ്ടു പോയ വാഹനത്തിൽ പത്മകുമാറും ഭാര്യയും മകളും കൂടാതെ ഒരു പുരുഷനുമുണ്ടായിരുന്നു എന്ന കാര്യം എഡിജിപിയോട് വെളിപ്പെടുത്തിയിട്ടും അത് തോന്നലായിരിക്കാമെന്നായിരുന്നു എഡിജിപിയുടെ പ്രതികരണം.
മകളെ ജീവനോടെ കണ്ടെത്തേണ്ടിയിരുന്നതിനാലാണ് പൊലീസിനെതിരെ പ്രതികരിക്കാതിരുന്നതെന്നും അതെ സമയം പുനരന്വേഷണം ആവശ്യപ്പെടാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ടാണ് ആ വഴിയിൽ കൂടുതൽ ചെയ്യാത്തതെന്നും പെൺകുട്ടിയുടെ പിതാവ് വെളിപ്പെടുത്തി.
Discussion about this post