തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുള്ള വിവാദങ്ങളെ കുറിച്ച് പ്രതികരിച്ച് നടി അർച്ചന കവി. സ്വന്തം വീട്ടിൽ നടക്കുമ്പോൾ മാത്രമേ അതിജീവിതമാർ നേരിട്ടത് എന്താണെന്ന് നമുക്ക് മനസിലാകൂ. തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് കരുതി ആ വ്യക്തി മറ്റൊരാളെ വേദനിപ്പിക്കില്ലെന്ന് കരുതരുതെന്നും അർച്ചന കവി പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
താന അതിജീവിതക്ക് ഒപ്പമാണ് നിൽക്കുന്നത്. ആരോപണ വിധേയർ നിരപരാധിത്വം തെളിയിക്കുന്നതു വരെ അതിജീവിതർക്കൊപ്പം തന്നെയാണ് നിൽക്കുക. ഇത്രയും നന്മയുള്ളവർ ചിലപ്പോൾ ഈ ഈ ഭൂമിയിൽ തന്നെ വേറെയുണ്ടാവില്ലെന്ന് നമുക്ക് തോന്നിയേക്കാം. അവരായിരിക്കും ഏറ്റവും വലിയ തെമ്മാടികൾ. നമ്മുടെ മനസിന്റെ ദൗർബല്യം മനസിലാക്കുന്ന അവർ ഷോട്ടെടുക്കുന്നതിന് മുമ്പ് എല്ലാവരുടെയും മുമ്പിൽ വച്ച് നമ്മളെ അപമാനിക്കും. അസ്വസ്തത തോന്നിയാൽ പോലും ക്യാമറയ്ക്ക് മുമ്പിൽ നിന്ന് അഭിനയിക്കേണ്ട അവസ്ഥ വരുമെന്നും അർച്ചന അവി പറഞ്ഞു.
അഞ്ചും പത്തും വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച കാര്യങ്ങൾ ഇപ്പോൾ എന്തിനാണ് തുറന്ന് പറയുന്നതെന്ന് ചോദിക്കുന്നവരുണ്ട്. തന്റെ പ്രായത്തിലുള്ളവർ പോലും ഇങ്ങനെ ചോദിക്കാറുണ്ട്. അതിജീവിതകൾ കടന്നുപോയ സാഹചര്യങ്ങൾ എങ്ങനെയാണെന്ന് ജഡ്ജ് ചെയ്യാൻ പറ്റിയെന്ന് വരില്ല. പരിക്ക് പറ്റിയാൽ പലർക്കും മുറിവുണങ്ങന്ന് വ്യത്യസ്ത സമയങ്ങളിൽ ആയിരിക്കും. അതുകൊണ്ട് എന്തുകൊണ്ടാണ് തുറന്നു പറയാൻ ഇത്രയും സമയമെടുത്തതെന്ന ചോദ്യം ദയവ് ചെയ്ത് നിർത്തണം. അവർ തുറന്ന് പറഞ്ഞല്ലോ.. ഇനി എങ്ങനെയാണ് അവരെ സഹായിക്കേണ്ടത് എന്ന് ആലോചിക്കൂ എന്നും നടി വ്യക്തമാക്കി.
Discussion about this post