കൊച്ചി: വൈദ്യുതി നിരക്ക് കൂട്ടാൻ റെഗുലേറ്ററി കമ്മിഷൻ നടത്തിയ തെളിവെടുപ്പിൽ കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയും ‘കൊള്ള’യും ചോദ്യം ചെയ്ത് ജനക്കൂട്ടം.ഉദ്യോഗസ്ഥരുടെ അമിത ശമ്പളവും പലപേരിൽ ഈടാക്കുന്ന അനാവശ്യ നിരക്കുകളെയും പൊതു ജനം ചോദ്യം ചെയ്തത് ശ്രദ്ധേയമായി.
ആം ആദ്മി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. വിനോദ് മാത്യു വിൽസൺ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ നടത്തിയ ആഹ്വാനമാണ് പൊതു ജനം വലിയ അളവിൽ തടിച്ചു കൂടാൻ കാരണമായത് .തെളിവെടുപ്പിൽ ബോർഡിന്റെ അവകാശവാദം ഖണ്ഡിച്ച് അധിക നിരക്ക് വർദ്ധന അനാവശ്യമാണെന്ന് കണക്കുകൾ സഹിതം പൊതുജനത്തിൽ നിന്നും സമർത്ഥിക്കുകയുണ്ടായി.
വൈദ്യുതിക്കുള്ള എനർജി ചാർജിന് പുറമേ ഫിക്സഡ് ചാർജ്, മീറ്റർ വാടക, സെസ്, സർചാർജ്, പീക്ക് അവർ അധികനിരക്ക്, തുടങ്ങി ഉപഭോക്താക്കൾക്ക് മനസിലാകാത്ത വിവിധ ചാർജുകൾ ചുമത്തുന്നതിനെ ജനം രൂക്ഷമായി ചോദ്യം ചെയ്തു. ഇത് കൂടാതെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ കനത്ത ശമ്പളവും , ഓഫീസിൽ എത്തുന്ന ഉപഭോക്താക്കളോടുള്ള മോശമായ പെരുമാറ്റവും ചർച്ചയായി.
ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലമുണ്ടാകുന്ന റവന്യൂനഷ്ടം, പുരപ്പുറ സോളാർ വൈദ്യുതി ഉത്പാദകരെ നിരുത്സാഹപ്പെടുത്തുന്ന സമീപനം, വൈദ്യുതി തകരാർ പരിഹരിക്കുന്നതിലെ കാലതാമസം തുടങ്ങിയ വിഷങ്ങളും ജനങ്ങൾ ചൂണ്ടിക്കാട്ടി.
Discussion about this post