കൊച്ചി: ഭാരതപുഴയ്ക്ക് കുറുകെയുള്ള തിരുനാവായ -തവനൂർ പാലം പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിഗണിക്കാത്ത സംസ്ഥാന സർക്കാരിന്റെ പരാജയത്തെ ചോദ്യം ചെയ്ത് ഇ ശ്രീധരൻ. ഇതുമായി ബന്ധപ്പെട്ട പൊതുതാൽപ്പര്യ ഹർജിയുമായി അദ്ദേഹം കേരള ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തിൽ സർക്കാരിന്റെ വിശദീകരണം തേടിയ കോടതി, ഹർജി 12ന് പരിഗണിക്കാൻ മാറ്റി.
ഭാരതപ്പുഴയുടെ തീരത്തുള്ള ക്ഷേത്രങ്ങളുടെ മതപരമായ പവിത്രതയെ ബാധിക്കാതെ കേരള സർക്കാർ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടാണ് താൻ പൊതുതാൽപര്യ ഹർജി നൽകിയതെന്ന് ഇ ശ്രീധരൻ പറഞ്ഞു.
നിർമ്മാണത്തെ എതിർക്കുമ്പോഴും, അലൈൻമെന്റ് പുനർനിർമ്മിക്കുന്നതിനായി തന്റെ സേവനം സൗജന്യമായി കേരള സർക്കാരിന് വാഗ്ദാനം ചെയ്യുകയും അവസരം ലഭിച്ചാൽ അത് എങ്ങനെ ചെയ്യുമെന്ന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.തന്റെ അലൈൻമെന്റ് രീതി നടപ്പിലാക്കിയാൽ അത് ചെലവ് കുറഞ്ഞതായിരിക്കുമെന്നും ഇ ശ്രീധരൻ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനും കത്തെഴുതിയെങ്കിലും പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്നാണ് ഇ ശ്രീധരൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് 92 കാരനായ മെട്രോ മാന്റെ ഹർജി പരിഗണിച്ച് മറുപടി നൽകാൻ സർക്കാരിനോട് നിർദ്ദേശിച്ചത്.
Discussion about this post