ഇസ്ലാമാബാദ് : കാർഗിൽ യുദ്ധം കഴിഞ്ഞ് 25 വർഷത്തിനുശേഷം യുദ്ധത്തിന് കാരണക്കാർ തങ്ങളായിരുന്നു എന്ന് കുറ്റസമ്മതം നടത്തി പാകിസ്താൻ. 1999ൽ കാർഗിലിൽ രാജ്യം യുദ്ധം നടത്തിയതായി പാക് സൈന്യം പരസ്യമായി സമ്മതിച്ചു. രാജ്യത്തിൻ്റെ പ്രതിരോധ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ വെച്ച് പാക് സൈനിക മേധാവി അസിം മുനീർ ആണ് കാർഗിൽ യുദ്ധത്തിലെ പങ്ക് പരസ്യമായി വെളിപ്പെടുത്തിയത്.
1965-ലും 1971-ലും 1999-ലും പാക് സൈന്യം നടത്തിയ പോരാട്ടത്തിൽ നിരവധി സൈനികർ ജീവൻ ത്യജിച്ചുവെന്ന് അസിം മുനീർ പ്രതിരോധ ദിനത്തിൽ വ്യക്തമാക്കി. 1999-ലെ കാർഗിൽ യുദ്ധത്തിലെ തങ്ങളുടെ പങ്ക് പാകിസ്താൻ സൈന്യം ഒരിക്കലും പരസ്യമായി അംഗീകരിച്ചിരുന്നില്ല. നുഴഞ്ഞുകയറ്റക്കാരെ പോലും “കാശ്മീരി സ്വാതന്ത്ര്യ സമര സേനാനികൾ” എന്നായിരുന്നു ഇതുവരെയും പാക് സൈന്യം വിശേഷിപ്പിച്ചിരുന്നത്.
1999-ൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മിൽ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ലാഹോർ പ്രഖ്യാപനം ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയായിരുന്നു പാക് സൈന്യം കാർഗിലിൽ നുഴഞ്ഞുകയറിയത്. 1999 മെയ് മാസത്തിൽ പാകിസ്താൻ സൈന്യം നിയന്ത്രണ രേഖ (എൽഒസി) കടന്ന് ജമ്മുവിലേക്ക് നുഴഞ്ഞുകയായിരുന്നു. ‘ഓപ്പറേഷൻ ബദർ’ എന്ന് പാക് സൈന്യം വിശേഷിപ്പിച്ചിരുന്ന ഈ ഓപ്പറേഷന് പിന്നിൽ പ്രവർത്തിച്ചത് പാകിസ്താൻ സൈനിക ഏകാധിപതി പർവേസ് മുഷറഫായിരുന്നു.
ലാഹോർ പ്രഖ്യാപനത്തിന് ശേഷം സിയാച്ചിനിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിച്ചിരുന്നതിനാൽ പാകിസ്താന്റെ വലിയ ചതി പെട്ടെന്ന് തിരിച്ചറിയാൻ ഇന്ത്യക്കായിരുന്നില്ല. എങ്കിൽപോലും ഉടൻതന്നെ ഉണർന്ന് പ്രവർത്തിച്ച ഇന്ത്യൻ സൈന്യം 2,00,000 ഇന്ത്യൻ സൈനികരെ മേഖലയിലേക്ക് ഉടൻതന്നെ അയക്കുകയും ‘ഓപ്പറേഷൻ വിജയ് ‘ എന്ന് പേരിട്ട ദൗത്യത്തിലൂടെ പാകിസ്താന്റെ കൊടും ചതിയെ തകർക്കുകയും ചെയ്തു. രണ്ട് മാസത്തെ കഠിനമായ പോരാട്ടത്തിന് ശേഷം കാർഗിൽ യുദ്ധത്തിൽ ഇന്ത്യ സമ്പൂർണ്ണ വിജയം നേടുകയും പാകിസ്താന് പരാജയത്തിന്റെയും നാണക്കേടിന്റെയും വലിയൊരു അദ്ധ്യായം സൃഷ്ടിക്കപ്പെടുകയും ചെയ്തു. കാർഗിൽ യുദ്ധത്തിലെ തങ്ങളുടെ പങ്ക് ഒരിക്കലും പരസ്യമായി അംഗീകരിക്കാതിരുന്ന പാക് സൈന്യം യുദ്ധത്തിൽ കൊല്ലപ്പെട്ട പാകിസ്താൻ സൈനികരുടെ മൃതദേഹങ്ങൾ പോലും ഏറ്റുവാങ്ങാൻ തയ്യാറായിരുന്നില്ല.
Discussion about this post