ഡല്‍ഹി: കേരള നേതാക്കളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് പശ്ചിമബംഗാളില്‍ ഇടത് മുന്നണി കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കുമെന്ന് ഏതാണ്ട് ഉറപ്പായി, ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂലിനെതിരെ പരമ്പരാഗത ശത്രു കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതില്‍ വിരോധമില്ലെന്നാണ് ഇടത് മുന്നണിയുടെ നിലപാടി. കൊല്‍ക്കത്തയില്‍ സി.പി.എം ആസ്ഥാനത്ത് ചേര്‍ന്ന ഇടതുമുന്നണി യോഗം കോണ്‍ഗ്രസ് സഖ്യത്തിന് അനുമതി നല്‍കിയതോടെ ഇക്കാര്യത്തില്‍ വ്യക്തതയായി. ഘടകകക്ഷികള്‍ തുടക്കത്തില്‍ സഖ്യത്തെ എതിര്‍ത്തെങ്കിലും സിപിഎം മുന്‍കൈ എടുത്ത് ഇവരെ അനുനയിപ്പിക്കുകയായിരുന്നു.
കോണ്‍ഗ്രസുമായി ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുന്നണിയിലെ മുഖ്യകക്ഷി സി.പി.എമ്മിന്റെ സംസ്ഥാന സമിതി യോഗം വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്നുണ്ട്. ഈ യോഗത്തില്‍ വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാകും.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടാഭരണത്തിനെതിരെ ജനാധിപത്യം പുന:സ്ഥാപിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരുമായി സഖ്യമാകാമെന്നാണ് തീരുമാനമെന്ന് ഇടതുമുന്നണി യോഗത്തിന് ശേഷം മുന്നണി ചെയര്‍മാനും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവുമായ ബിമന്‍ ബോസ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സഖ്യമെന്ന ആശയം സി.പി.എം മുന്നോട്ടുവെച്ചപ്പോള്‍ സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്‌ളോക് തുടങ്ങിയ ഇടതു ഘടകകക്ഷികള്‍ക്ക് തുടക്കത്തില്‍ എതിര്‍പ്പായിരുന്നു. ബംഗാള്‍ ഘടകം സെക്രട്ടറി സൂര്യകാന്ത് മിശ്ര ഘടകകക്ഷി നേതാക്കളുമായി നടത്തിയ തുടര്‍ചര്‍ച്ചകള്‍ക്കൊടുവിലാണ് നിലപാട്.
കോണ്‍ഗ്രസുമായി സഖ്യചര്‍ച്ച നടത്താന്‍ വ്യാഴാഴ്ച ഇടതുമുന്നണി യോഗം ഏകസ്വരത്തിലാണ് തീരുമാനിച്ചതെന്ന് സി.പി.എം വൃത്തങ്ങള്‍ പറയുന്നു. അതേസമയം, ഇക്കാര്യത്തില്‍ സി.പി.എമ്മില്‍ ഏകാഭിപ്രായമില്ല. പി.ബി അംഗങ്ങളും മുതിര്‍ന്ന നേതാക്കളുമടങ്ങിയ പ്രബല വിഭാഗം കോണ്‍ഗ്രസ് സഖ്യത്തിനായി വാദിക്കുമ്പോള്‍ സംസ്ഥാന സമിതിയില്‍ 20ലേറെ പേര്‍ എതിരഭിപ്രായമുള്ളവരാണ്.
സംസ്ഥാന സമിതിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും കേന്ദ്ര പ്രതിനിധികളായി പങ്കെടുക്കുന്നുണ്ട്. യെച്ചൂരി കോണ്‍ഗ്രസ് അനുകൂല നിലപാടിനൊപ്പം നില്‍ക്കുമ്പോള്‍ കാരാട്ടിന് കടുത്ത എതിര്‍പ്പാണുള്ളത്. സംസ്ഥാന സമിതി സഖ്യത്തെ പിന്തുണച്ച് പ്രമേയം പാസാക്കാനാണ് സാധ്യത.
അകേസമയം പശ്ചിമബംഗാളിലെ സഖ്യ നിലപാട് കേരളത്തില്‍ സിപിഎമ്മിന് വലിയ തിരിച്ചടിയാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. അധികാരത്തിലെത്താന്‍ സാധ്യത കേരളത്തില്‍ മാത്രമാണ് എന്നിരിക്കെ ബംഗാളില്‍ ഇത്തരമൊരു സഖ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉചിതമെന്ന് കേരളത്തിലെ ചില നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബംഗാളില്‍ പരസ്യധാരണയും, കേരളത്തില്‍ രഹസ്യ ധാരണയും എന്ന വിമര്‍ശനം ബിജെപി ഇതിനകം ഉയര്‍ത്തിക്കഴിഞ്ഞു.
Discussion about this post