ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് അരവിന്ദ് കെജ്രിവാൾ. മദ്യ നയ അഴിമതി കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. രണ്ട് ദിവസത്തിന് ശേഷം താൻ രാജി സമർപ്പിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
ആംആദ്മി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ആയിരുന്നു കെജ്രിവാളിന്റെ പ്രഖ്യാപനം. രണ്ട് ദിവസത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. ജനങ്ങളുടെ അവരുടെ തീരുമാനം പറയാതെ താനിനി മുഖ്യമന്ത്രി കസേരയിൽ ഇരിക്കുകയില്ല. ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കാൻ ഇനിയും മാസങ്ങൾ ഉണ്ട്.
കോടതിയിൽ നിന്നും തനിക്ക് നീതി ലഭിച്ചു. സമാനമായ രീതിയിൽ നിങ്ങളിൽ നിന്നും തനിക്ക് നീതി വേണം. നിങ്ങൾ ഉത്തരവിട്ടാൽ മാത്രമേ വീണ്ടും താൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുകയുള്ളൂവെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
കെജ്രിവാൾ കുറ്റക്കാരനാണോ അതോ നിരപരാധി ആണോ എന്ന് ജനങ്ങളോട് ചോദിക്കണം. താൻ നിങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തതായി തോന്നുകയാണ് എങ്കിൽ തനിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. മദ്യ നയ അഴിമതി കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാൾ ആറ് മാസത്തിന് ശേഷമാണ് ജയിൽ മോചിതൻ ആയത്.
Leave a Comment