എറണാകുളം: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന കേസിൽ ബംഗാളി നടിയുടെ മൊഴി ഉടൻ രേഖപ്പെടുത്താൻ അന്വേഷണ സംഘം. ഈ ആഴ്ച തന്നെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. സംഭവത്തിൽ രണ്ട് ദിവസം മുൻപ് രഞ്ജിത്തിനെ ചോദ്യം ചെയ്തിരുന്നു.
നിലവിൽ കൊൽക്കത്തയിൽ ആണ് നടിയുള്ളത്. ഇവിടെ നിന്നും എറണാകുളം മഡിസ്‌ട്രേറ്റ് കോടതിയിൽ ഓൺലൈൻ വഴിയാകും നടി മൊഴി നൽകുക. കൊൽക്കത്തയിൽ എത്തുന്ന അന്വേഷണ സംഘം നടിയെ ആലിപ്പൂർ സെഷൻസ് കോടതി മുമ്പാകെ ഹാജരാക്കും.
കൊച്ചിയിൽ വന്ന് മൊഴി നൽകാൻ ബുദ്ധിമുട്ടാണെന്ന് പരാതിക്കാരി അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഓൺലൈൻ ആയി രഹസ്യമൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്. ഇതിനായുളള അനുമതി വാങ്ങിയതിന് പിന്നാലെ അന്വേഷണ സംഘം കൊച്ചിയിലെ കോടതി വഴി കൊൽക്കത്തയിലേക്ക് രേഖകൾ അയച്ചു.
അതേസമയം, രഞ്ജിത്തിനെതിരായ കേസിൽ അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിവരികയാണ്. അടുത്ത ആഴ്ച ഇത് കോടതിയിൽ സമർപ്പിക്കും എന്നാണ് സൂചന. ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യം മുന്നിൽക്കണ്ടാണ് കുറ്റപത്രം നൽകുന്നത്.
Discussion about this post