മലപ്പുറം : മലപ്പുറം ജില്ലയിൽ നിപ ജാഗ്രത തുടരുന്നു. കഴിഞ്ഞദിവസം മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മേഖലയിൽ ആരോഗ്യവകുപ്പ് കർശന ജാഗ്രതയാണ് പുലർത്തുന്നത്. രോഗബാധിതനായിരുന്ന യുവാവിന്റെ സമ്പർക്ക പട്ടികയിൽ 175 പേർ ഉൾപ്പെട്ടതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. സമ്പർക്ക പട്ടികയിലെ 104 പേർ ഹൈറിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുന്നവരാണ്.
ആരോഗ്യവകുപ്പ് പുതുതായി പുറത്തിറക്കിയ സമ്പർക്ക പട്ടികയിലാണ് 175 പേർ ഉൾപ്പെട്ടിട്ടുള്ളത്. നേരത്തെ പുറത്തിറക്കിയിരുന്ന പ്രാഥമിക സമ്പർക്ക പട്ടികയിൽ 126 പേരാണ് ഉണ്ടായിരുന്നത്. പുതുതായി പുറത്തിറക്കിയ സമ്പർക്ക പട്ടികയിലെ 74 പേർ ആരോഗ്യ പ്രവർത്തകരാണ്.
പ്രാഥമിക സമ്പർക്ക പട്ടികയിലെ 104 പേരാണ് ഹൈ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുന്നത്. ഇവരിൽ 10 പേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. നിലവിൽ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
Discussion about this post