മോസ്കോ: ജോലിസ്ഥലത്തും ഉച്ചഭക്ഷണത്തിനും കോഫി ഇടവേളയ്ക്കും ഇടയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ജനങ്ങൾക്ക് നിർദേശം നൽകിയതായി റിപ്പോർട്ട്.റഷ്യയിലെ ജനസംഖ്യ ആശങ്കാജനകാംവിധം കുറയുന്ന സാഹചര്യത്തിലാണ് ഈ വിചിത്ര നിർദേശം. സുസ്ഥിരമായ ജനസംഖ്യ നിലനിർത്താൻ ആവശ്യമായ 2.1-ൽ നിന്ന് രാജ്യത്തെ ജനന നിരക്ക് ഒരു സ്ത്രീക്ക് 1.5 കുട്ടി എന്ന നിലയിലേക്ക് കൂപ്പുകുത്തിയതാണ് ആശങ്കയായത്
ജോലിത്തിരക്ക് എന്നത് പ്രത്യുത്പാദനം ഒഴിവാക്കുന്നതിനുള്ള സാധുവായ ന്യായമല്ല എന്ന് റഷ്യൻ ആരോഗ്യവകുപ്പ് മന്ത്രി ഡോ. യെവ്ഗെനി ഷെസ്തോപലോവ് പറഞ്ഞു. ജോലിയിലെ ഇടവേളകൾ ജനങ്ങൾ പരമാവധി മുതലെടുക്കണമെന്നും ഇടവേളകളിൽ ‘കുടുംബം വിപുലീകരിക്കുന്നതിൽ’ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദിവസം 12 മുതൽ 14 വരെ മണിക്കൂർ ജോലി ചെയ്യുന്ന ജനങ്ങൾ എങ്ങനെ കുട്ടികൾക്കായി സമയം കണ്ടെത്തും എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരമായാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇക്കഴിഞ്ഞ ജൂൺ മാസം റഷ്യയിൽ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം ഒരുലക്ഷത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ജനന നിരക്കിലെ കുറവിന് പുറമെ റഷ്യയിൽ മരണങ്ങളുടെ എണ്ണം കൂടിയതും ജനസംഖ്യാ ഇടിവിന് കാരണമാകുന്നുണ്ട്. മുൻ വർഷത്തേക്കാൾ 49,000 മരണങ്ങളാണ് ഈ വർഷം റഷ്യയിൽ കൂടിയത്.
Discussion about this post