ന്യൂഡൽഹി : വിവിധ സേവനങ്ങൾക്കുള്ള യുപിഐ ഇടപാട് പരിധി 5 ലക്ഷം ആക്കി ഉയർത്തി നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. സെപ്തംബർ 16 മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽ വന്നത്. യുപിഐ വഴി ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നടത്തുന്ന ഉപയോക്താക്കൾക്ക് ഇടപാട് പരിധി ഉയർത്തിയിരിക്കുന്നത് ഏറെ സൗകര്യപ്രദമാണ്.
സാധാരണ രീതിയിലുള്ള യുപിഐ ഇടപാട് പരിധി ഓരോ ഇടപാടിനും 1 ലക്ഷം രൂപ വരെയാണ്. എന്നാൽ മൂലധന വിപണികൾ, ഇൻഷുറൻസ്, വിദേശ ഇൻവേർഡ് റെമിറ്റൻസ് എന്നിവ പോലുള്ള പ്രത്യേക വിഭാഗങ്ങൾക്ക് 2 ലക്ഷം രൂപവരെയും യുപിഎ ഇടപാട് പരിധിയായി ഉണ്ട്. എന്നാൽ അവശ്യ വിഭാഗത്തിലുള്ള ഏതാനും സേവനങ്ങൾക്ക് യുപിഐ ഇടപാട് പരിധി 5 ലക്ഷം ആക്കി നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉയർത്തിയിട്ടുണ്ട്.
പുതിയ മാറ്റത്തെ കുറിച്ചുള്ള സർക്കുലറിൽ വിവരിച്ചിരിക്കുന്നത് പ്രകാരം നികുതി സേവനങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള പണമിടപാടുകൾ, ഐപിഒകളിലെയും ആർബിഐ റീട്ടെയിൽ ഡയറക്ട് സ്കീമുകളിലെയും നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് ആണ് യുപിഐ പരിധി 5ലക്ഷം ആക്കി ഉയർത്തിയിട്ടുള്ളത്. 5 ലക്ഷം രൂപയുടെ യുപിഐ പരിധി ലഭിക്കുന്നതിനായി ബാങ്കുകളും പേയ്‌മെൻ്റ് സേവന ദാതാക്കളും യുപിഐ ആപ്പുകളും അനുബന്ധത്തിൽ വ്യക്തമാക്കിയിട്ടുള്ള വെരിഫൈഡ് വ്യാപാരികളുടെ വിഭാഗങ്ങൾക്കുള്ള ഓരോ ഇടപാട് പരിധിയും അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.
Discussion about this post