തിരുവനന്തപുരം: സംസ്ഥാനത്ത് ഫുട്‌ബോൾ അക്കാമദി തുടങ്ങുന്നതിനായി അർജന്റീനിയൻ ഫുട്‌ബോൾ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. ഇതിന്റെ ഭാഗമായുള്ള സൗഹൃദ മത്സരത്തിനായി അർജന്റീനയിൽ നിന്നുള്ള സംഘം കേരളത്തിൽ എത്തും. എല്ലാറ്റിനും കൂടി 100 കോടി രൂപയിലധികം ചിലവ് വരുമെന്നുമെന്നും അദ്ദേഹം പറഞ്ഞു.
നവംബറിൽ അർജന്റീനയിൽ നിന്നുള്ള സംഘം കേരളത്തിൽ എത്തും. സംസ്ഥാനത്ത് ഫുട്‌ബോൾ കളിക്കാൻ കഴിയുന്ന ഒരേയൊരു സ്ഥലമാണ് ഉള്ളത്. അത് കൊച്ചിയാണ്. കൊച്ചിയിൽ എത്തുന്ന സംഘം ഗ്രൗണ്ട് പരിശോധിക്കും. ഈ ഘട്ടത്തിൽ കായിക അക്കാദമി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കരാർ ഒപ്പുവയ്ക്കും.
ആദ്യം മലപ്പുറത്ത് കളി വയ്ക്കാനാണ് വിചാരിച്ചിരുന്നത്. എന്നാൽ സീറ്റിംഗ് കപ്പാസിറ്റി കുറവാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അർജന്റീന ആരാധകർ ഉള്ളത് കേരളത്തിലാണ്. അതുകൊണ്ട് തന്നെ കളികാണാൻ ധാരാളം പേർ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്കാദമി തുടങ്ങാനും അർജന്റീനിയൻ സംഘത്തിന്റെ വരവും ഉൾപ്പെടെ 100 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നുണ്ട്. ഈ ചിലവ് താങ്ങാൻ കഴിയാത്തത് കൊണ്ടാണ് ഡൽഹിയിലെ കളിയിൽ നിന്നും ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ മാറാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post