മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ആശ്വാസം. ഇന്ന് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
267 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേര് പ്രൈമറി കോണ്ടാക്ട് പട്ടികയിലും 90 പേര് സെക്കന്ററി കോണ്ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത് എന്നും വീണ ജോര്‍ജ് വ്യക്തമാക്കി.
രോഗ ലക്ഷണങ്ങളുമായി ഇന്ന് ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഈ വ്യക്തി അടക്കം നാലു പേര് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 28 പേര് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയില്‍ തുടരുന്നുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണ നല്‍കുന്നുണ്ട്. 268 പേര്‍ക്ക് കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കിയതായും ആരോഗ്യമന്ത്രി അറിയിച്ചു.
Discussion about this post