ന്യൂഡല്‍ഹി: സുപ്രധാനമായ ഇന്ത്യ-ഫ്രാൻസ് പ്രതിരോധ പങ്കാളിത്തം ചുവടുവെപ്പ് നടത്താന്‍ ഒരുങ്ങുകയാണ്. ന്യൂക്ലിയർ അറ്റാക്ക് അന്തർവാഹിനികളുടെ നിർമ്മാണത്തിന് ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും ഉറപ്പ് നൽകിയിരിക്കുകയാണ് ഫ്രാൻസ്. ഇതിന് പുറമെ 110 കിലോ ന്യൂട്ടൺ ത്രസ്റ്റ് എയർക്രാഫ്റ്റ് എഞ്ചിനുകൾക്കും അണ്ടർവാട്ടർ ഡ്രോണുകൾക്കുമുള്ള സാങ്കേതികവിദ്യയുടെ പൂര്‍ണമായ കൈമാറ്റവും ഫ്രാൻസ് വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യൻ നാവികസേന അടുത്തിടെ രണ്ട് ന്യൂക്ലിയർ അറ്റാക്ക് അന്തർവാഹിനികളുടെ ആവശ്യകത കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്രാൻസ് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
സെപ്തംബർ അവസാനം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മാക്രോണിൻ്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോണും തമ്മിൽ പാരീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഈ വിഷയവും ചർച്ചയാകുമെന്നാണ് റിപ്പോർട്ട്. ജനുവരിയിൽ മാക്രോണിൻ്റെ ഇന്ത്യാ സന്ദർശനത്തിനു ശേഷമുള്ള ആദ്യ ഉഭയകക്ഷി തന്ത്രപരമായ ഇടപെടലാണിത്.
പാരീസ് സന്ദർശനത്തിനിടെ അജിത് ഡോവലും ഇമ്മാനുവൽ മാക്രോണും തമ്മിലും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ഡോവൽ മാക്രോണിനെ ധരിപ്പിക്കും.
Discussion about this post