ബാങ്ക് ഇടപാടുകളില്‍ ചെക്കുകൾ ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. ഏറ്റവും വിശ്വസനീയമായ പേയ്മെന്റ് രീതികളിലൊന്നാണ് ചെക്ക് എന്നതുകൊണ്ടാണ് കൂടുതൽ പേരും ഇത് ഉപയോഗിക്കുന്നത്. എന്നാൽ, എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചാൽ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളും ഇത്തരം ഇടപാടുകളില്‍ ഉണ്ട്. അതുകൊണ്ട് തന്നെ ചെക്കിൽ ഒപ്പിടുന്നതിന് മുൻപ് ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
ചെക്ക് വഴിയുള്ള പേയ്മെന്റിനുള്ള അംഗീകാരത്തെയാണ് അതിലെ ഒപ്പ് സൂചിപ്പിക്കുന്നത്. ഒപ്പിട്ട ഒരു ചെക്ക് ദുരുപയോഗം ചെയ്യപ്പെട്ടാൽ സാമ്പത്തിക നഷ്ടം ഉണ്ടാകും.
ചെക്കിൽ ഒപ്പിടുന്നതിന് മുൻപ് നിങ്ങളുടെ അക്കൗണ്ടിൽ ആവശ്യത്തിന് പണം ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാന്‍ ഒരു ചെക്ക് നൽകുന്നതിന് മുമ്പ് മതിയായ ഫണ്ട് സൂക്ഷിക്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. സാമ്പത്തിക വിശ്വാസ്യത ഉയർത്തിപ്പിടിക്കാനും ഇത് അത്യാവശ്യമാണ്. ബാങ്ക് അക്കൗണ്ടിൽ മതിയായ പണമില്ലാതെ ഒരു ചെക്ക് ഇഷ്യൂ ചെയ്താൽ ചെക്ക് ബൗൺസ് ആവുകയും നിയമപ്രശ്നങ്ങൾക്കിടയാക്കുകയും ചെയ്യും.
ഒരു ചെക്ക് നല്‍കുന്നതിന് മുമ്പ് ചെക്കിലെ തീയതി ശരിയാണെന്നും, അത് ഇഷ്യു ചെയ്യുന്ന ഡേറ്റുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ഉറപ്പാക്കണം. ഇത് ചെക്കിനെ കുറിച്ച് കൂടുതൽ
വ്യക്തത നല്‍കുകയും ചെക്ക് എപ്പോൾ സാധുതയുള്ളതാകുമെന്ന ആശയക്കുഴപ്പം ഒഴിവാക്കുകയും ചെയ്യുന്നു. തീയതികൾ തെറ്റിപ്പോയാൽ സ്വീകർത്താവിന്റെ ബാങ്ക് ചെക്ക് നിരസിക്കാനിടയാകും.
ചെക്ക് നൽകുന്ന വ്യക്തിയുടെയോ ബിസിനസ്സിന്റെയോ പേര് വ്യക്തമായും കൃത്യമായും എഴുതേണ്ടതും പ്രധാനമാണ്. ശരിയായി പേര് എഴുതിയാൽ മാത്രമേ ചെക്ക് ഉദ്ദേശിച്ച സ്വീകർത്താവിലേക്ക് എത്തുകയുള്ളു. പേര് എഴുതുന്നതിൽ തെറ്റ് വന്നാൽ ചെക്ക് നിരസിക്കാനിടയുണ്ട്.
ചെക്ക് ലീഫിൽ തുക എഴുതുന്നത് ഏറെ ശ്രദ്ധ വേണ്ട കാര്യമാണ്. ചെക്കിൽ നിങ്ങൾ എഴുതുന്ന തുക രണ്ടാമതൊന്നുകൂടി പരിശോധിച്ച് വേണം കൈമാറാന്‍.
മുഴുവൻ പേര് എഴുതിയതിന് ശേഷം മാത്രം വേണം തന്നിരിക്കുന്ന സ്ഥലത്ത് ചെക്കിൽ ഒപ്പിടാന്‍. നിങ്ങളുടെ ഒപ്പ് ബാങ്കിൽ നൽകിയ അതേ ഒപ്പുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക. പേരില്‍ പൊരുത്തക്കേട് ഉണ്ടായാൽ ബാങ്ക് ചെക്ക് നിരസിക്കാൻ സാധ്യതയുണ്ട്..
ചെക്ക് നമ്പർ സൂക്ഷിക്കുകയും അത് സുരക്ഷിതമായി മറ്റ് എവിടെയെങ്കിലും രേഖപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. തട്ടിപ്പുകളോ മറ്റോ ഉണ്ടായാൽ നിങ്ങൾക്ക് ഈ ചെക്ക് നമ്പർ ഉപയോഗിച്ച് സംശയങ്ങൾ തീർക്കുകയോ, ബാങ്കിന് കൈമാറുകയോ ചെയ്യാം.
Discussion about this post