ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ദൗത്യം അതിൻ്റെ വിജയകരമായ ദൗത്യം പൂര്‍ത്തിയാക്കിയതിനു പിന്നാലെ ചന്ദ്രനില്‍ അതിന്റെ കണ്ടെത്തലുകള്‍ തുടരുകയാണ്. ഇപ്പോഴിതാ ചന്ദ്രനില്‍ നിര്‍ണായകമായ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ചന്ദ്രയാന്‍ 3ന്റെ പ്രഗ്യാൻ റോവർ.
ചന്ദ്രൻ്റെ ദക്ഷിണ ധ്രുവ മേഖലയിൽ നിന്ന് വിക്ഷേപിച്ച പ്രഗ്യാൻ റോവർ ചന്ദ്രനിൽ 160 കിലോമീറ്റർ വീതിയുള്ള പുരാതന ഗർത്തം കണ്ടെത്തിയിരിക്കുകയാണ്. പ്രഗ്യാൻ റോവർ അതിൻ്റെ ലാൻഡിംഗ് സൈറ്റിന് സമീപം ആണ് ഗർത്തം കണ്ടെത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ സയൻസ് ഡയറക്‌റ്റിൻ്റെ ഏറ്റവും പുതിയ ലക്കത്തിൽ ഈ കണ്ടെത്തലുകളെ കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചന്ദ്രോപരിതലത്തിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ദക്ഷിണധ്രുവ-എയ്റ്റ്‌കെൻ തടത്തിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ അകലെയുള്ള ലാൻഡിംഗ് സൈറ്റിലെ ഉയർന്ന ഭൂപ്രദേശത്തിലൂടെ പ്രഗ്യാൻ റോവർ സഞ്ചരിച്ചപ്പോഴാണ് ഈ സുപ്രധാന കണ്ടെത്തൽ നടത്തിയത്.
ദക്ഷിണധ്രുവ-എയ്റ്റ്‌കെൻ തടം രൂപപ്പെടുന്നതിന് മുമ്പ് തന്നെ ഈ ഗർത്തം രൂപപ്പെട്ടതായി ആണ് കരുതുന്നത്. ഇത് ചന്ദ്രൻ്റെ ഏറ്റവും പഴയ ഭൂമിശാസ്ത്ര ഘടനകളിലൊന്നാണ് എന്നാണ് നിഗമനം. ഗർത്തത്തിൻ്റെ കാലപ്പഴക്കം കാരണം, പിന്നീടുണ്ടായ ആഘാതങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങളാൽ, ഇത് മൂടപ്പെട്ടു.
പ്രഗ്യാൻ റോവറിൻ്റെ നാവിഗേഷനും ഒപ്റ്റിക്കൽ ഹൈ-റെസല്യൂഷൻ ക്യാമറകളും എടുത്ത ചിത്രങ്ങൾ ഈ പുരാതന ഗർത്തത്തിൻ്റെ ഘടന വെളിപ്പെടുത്തുകയായിരുന്നു. ചന്ദ്രൻ്റെ ഭൂമിശാസ്ത്ര ചരിത്രത്തെക്കുറിച്ചുള്ള സുപ്രധാന സൂചനകൾ ആണ് ഈ കണ്ടെത്തല്‍ നൽകുന്നത്.
Discussion about this post