ന്യൂയോര്‍ക്ക്: ലൈബീരിയയിലെ ഇന്ത്യന്‍ വനിതാ സമാധാന സേന എല്ലാവര്‍ക്കും പ്രചോദനമാണെന്ന് യു.എന്‍.സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ .ലൈംഗീക അതിക്രമങ്ങളെയും ചൂഷണങ്ങളെയും ചെറുക്കാന്‍ അവര്‍ നടത്തിയ ശ്രമങ്ങളും അവരുടെ സേവനരീതിയും മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന് ബാന്‍ കി മൂണ്‍ പറഞ്ഞു.ഒമ്പതു വര്‍ഷത്തെ സേവനം അവസാനിപ്പിക്കുന്ന ആദ്യത്തെ വനിതാ പൊലീസ് യൂണിറ്റിനെ കുറിച്ച് വന്ന പ്രസ്താവനയിലാണ് സെക്രട്ടറി ജനറലിന്റെ വക്താവ് വനിതാസേനയുടെ സമാധാന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചത്. 125 വനിതാ ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും ഈ ആഴ്ചഅവസാനം തിരികെ ഇന്ത്യയിലെത്തും.
തങ്ങളുടെ സേവനത്തിലൂടെ ഒരു ജനസമൂഹത്തിനിടയില്‍ സുരക്ഷയും ആത്മബലവും പുനസ്ഥാപിക്കാന്‍ ഇവര്‍ സഹായിച്ചെന്നും എബോള പകര്‍ച്ചവ്യാധി സമയത്തും അവര്‍ കാണിച്ച അചഞ്ചലമായ സാമര്‍ത്ഥ്യവും കഴിവും അച്ചടക്കവും ഈ ധീരവനിതകള്‍ക്ക് സര്‍ക്കാരിന്റെയും ലൈബീരിയന്‍ ജനങ്ങളുടെയും ബഹുമാനം നേടികൊടുത്തെന്നും അദ്ദേഹം അറിയിച്ചു.ലൈബീരിയന്‍ ജനതയ്ക്കും വരും തലമുറയിലെ വനിതാ പൊലീസ് ഓഫീസര്‍മാര്‍ക്കും പ്രചോദനമായ എല്ലാ വനിതാ ഉദ്യോഗസ്ഥര്‍ക്കും നന്ദി പറഞ്ഞ സെക്രട്ടറി ജനറല്‍ ഇവര്‍ ലിംഗസമത്വത്തിന്റെ മാതൃകയാണെന്നും പറഞ്ഞു. ഒപ്പം യു.എന്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഇന്ത്യന്‍ സര്‍ക്കാരിനും അദ്ദേഹം നന്ദി അറിയിച്ചു.
Discussion about this post