ന്യൂഡല്‍ഹി: പുതിയ സ്‌മാർട്ട്‌ഫോൺ വാങ്ങിയതിന് ‘ട്രീറ്റ്’ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് 16കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കുത്തിക്കൊന്നു. കിഴക്കൻ ഡൽഹിയിലെ ഷക്കർപൂരിൽ ആണ് സംഭവം. മൂന്ന് ആണ്‍കുട്ടികൾ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. സച്ചിൻ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.
കൊലപാതകം നടത്തിയ മൂന്ന് ആണ്‍കുട്ടികളും സച്ചിനും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി 7.15 ഓടെ ഷക്കർപൂരിലെ റാംജി സമൂസ കടയ്ക്ക് സമീപം രക്തക്കറകൾ കണ്ടതിനെ തുടർന്ന് പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് പരിശോധന നടത്തുകയായിരുന്നു. പരിശോധനക്കിടെയാണ് കുത്തേറ്റ നിലയില്‍ സച്ചിനെ കണ്ടെത്തിയത്. പോലീസ് സച്ചിനെ ഉടന്‍ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Discussion about this post