പുണെ: അമിത ജോലിഭാരത്തെത്തുടര്‍ന്ന് മരണപ്പെട്ട മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ ജോലിചെയ്തിരുന്ന പുണെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (ഇ.വൈ) ഓഫീസിന് രെജിസ്ട്രേഷൻ പോലുമില്ലെന്ന് റിപ്പോർട്ട്. മഹാരാഷ്ട്ര അഡീഷണല്‍ ലേബര്‍ കമ്മിഷണറെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.
ജോലിസമയത്തിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രധാന നിയമനിര്‍മാണമായ മഹാരാഷ്ട്ര ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള രജിസ്‌ട്രേഷനില്ലെന്നാണ് റിപ്പോര്‍ട്ട്. 2007 മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസ്, 2024 ഫെബ്രുവരിയില്‍ മാത്രമാണ് രജിസട്രേഷന് അപേക്ഷ നല്‍കിയതെന്നും, എന്നാല്‍, ഇത്രയും വര്‍ഷമായി പ്രവര്‍ത്തിച്ചുവന്നിട്ടും അപേക്ഷ നല്‍കാനുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി അധികൃതർ അനുമതി നിഷേധിക്കുകയുമായിരിന്നു എന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
അനുമതി നിഷേധിച്ചതിനെ തുടർന്ന് കമ്പനിക്ക് സ്വന്തം ഭാഗം ന്യായീകരിക്കാൻ 7 ദിവസം അനുവദിച്ചതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇ.വൈ. തയ്യാറായിട്ടില്ലെന്ന് റോയിട്ടേഴ്‌സ് വെളിപ്പെടുത്തി.
Discussion about this post