ചെന്നൈ : പളനി പഞ്ചാമൃതത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയ തമിഴ് സംവിധായകൻ മോഹൻജി അറസ്റ്റിൽ. തിരുച്ചി പോലീസിന് ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്. ചെന്നൈയിലെ വീട്ടിൽ വച്ച് തിരുച്ചി സൈബർ ക്രൈം പോലീസ് ആണ് മോഹൻ ജിയെഅറസ്റ്റ് ചെയ്തത്. പളനി ക്ഷേത്രത്തിലെ വഴിപാടായ പഞ്ചാമൃതത്തെ കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയതിനാണ് മോഹൻ കസ്റ്റഡിയിൽ ഉള്ളതെന്ന് ജില്ലാ എസ്പി വരുൺ കുമാർ അറിയിച്ചു.
പളനി ക്ഷേത്രത്തിലെ പഞ്ചാമൃതത്തിൽ ഗർഭനിരോധന ഗുളികകൾ കലർത്തുന്നു എന്നായിരുന്നു മോഹൻജി പരാമർശം നടത്തിയിരുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. പ്രസ്താവന വിവാദമായതിനെ തുടർന്ന് സമയപുരം മാരിയമ്മൻ ക്ഷേത്രത്തിലെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് മാനേജർ കവിയരസുവാണ് മോഹൻജിയ്ക്കെതിരെ പരാതി നൽകിയത്.
തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിൽ മാംസക്കൊഴുപ്പ് കണ്ടെത്തിയ റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടയിലാണ് പളനി ക്ഷേത്രത്തിലെ പഞ്ചാമൃതത്തെ കുറിച്ച് മോഹൻജി പരാമർശം നടത്തിയിരുന്നത്. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് തിരുച്ചി പോലീസ് സംവിധായകനെതിരെ കേസെടുത്തു. കേസിലെ തുടർനടപടികൾക്കായി ഇയാളെ ചെന്നൈയിൽ നിന്നും തിരുച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post