മോസ്‌കോ : ടെലിഗ്രാം ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്. ഇനി മുതൽ ആപ്പ് ദുരുപയോഗം ചെയ്യുന്നവരുടെ വിവരങ്ങൾ സർക്കാരിന് കൈമാറുമെന്ന് ടെലിഗ്രാം സഹസ്ഥാപകൻ പാവേൽ ദുരോവ് അറിയിച്ചു. ദുരുപയോഗം ചെയ്യുന്നവരുടെ പേര് ,ഐപി വിലാസം ,ഫോൺ നമ്പർ എന്നിവയാണ് സർക്കാരിന് കൈമാറുക.
കഴിഞ്ഞ മാസം ഫ്രാൻസിൽ ദുരോവ് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. പുതിയ മാറ്റങ്ങൾ വ്യക്തമാക്കി ടെലഗ്രാമിന്റെ സേവന വ്യവസ്ഥകൾ പരിഷ്‌കരിച്ചതായി അദ്ദേഹം അറിയിച്ചു. നിയമവിരുദ്ധമായ വസ്തുക്കളും ഉള്ളടക്കങ്ങളും ടെലഗ്രാമിൽ തിരയുന്നവരെ പ്ലാറ്റ്ഫോമിൽ ബ്ലോക്ക് ചെയ്യും. കൂടാതെ അവരുടെ വിവരങ്ങൾ സർക്കാരിന് കൈമാറുകയും ചെയ്യും എന്നും അദ്ദേഹം അറിയിച്ചു.
സുഹൃത്തുക്കളേയും വാർത്തകളും തിരയുന്നതാണ് ടെലഗ്രാമിലെ സെർച്ച് ഫീച്ചറെന്നും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കണ്ടെത്തുന്നതിനും വേണ്ടിയല്ലെന്നും ദുരോവ് ഊന്നിപ്പറഞ്ഞു.
നിയമവിരുദ്ധ ഉള്ളടക്കങ്ങൾ, മയക്കുമരുന്നുകൾ, തട്ടിപ്പുകൾ, കുട്ടികളെ ചൂഷണം ചെയ്യുന്ന ചിത്രങ്ങൾ എന്നിവ ടെലഗ്രാം സെർച്ചിൽ വരാതിരിക്കാൻ എഐ സാങ്കേതിക വിദ്യയും ടെലഗ്രാം ഉപയോഗപ്പെടുത്തും. ടെലഗ്രാമിന്റെ സാധാരണ ഉപഭോക്താക്കളെ ഈ നടപടികൾ യാതൊരുതരത്തിലും ബാധിക്കുകയില്ല.
Discussion about this post