ഐപിഎൽ 2026 സീസണിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ട് മാറ്റത്തെച്ചൊല്ലി പുതിയ തർക്കം. ആർസിബി തങ്ങളുടെ ഹോം മത്സരങ്ങൾ മുംബൈയിൽ കളിക്കുന്നതിനെതിരെ മുംബൈ ഇന്ത്യൻസ് രംഗത്തെത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ.
ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറമെ തങ്ങളുടെ ഹോം മത്സരങ്ങൾക്കായി മറ്റൊരു വേദി തേടുന്ന ആർസിബിയോട്, മുംബൈയിലേക്ക് വരുന്നതിന് മുൻപ് ഇന്ത്യയിലെ മറ്റ് വേദികൾ പരിഗണിക്കണമെന്ന് മുംബൈ ഇന്ത്യൻസ് ഔദ്യോഗികമായി അറിയിച്ചതായാണ് സൂചന. പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് സഹിൽ മൽഹോത്രയാണ് ഈ വാർത്ത പുറത്തുവിട്ടത്.
തങ്ങളുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിലോ മുംബൈയിലെ മറ്റ് സ്റ്റേഡിയങ്ങളിലോ ആർസിബി ഹോം മത്സരങ്ങൾ കളിക്കുന്നത് മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്റ് താല്പര്യപ്പെടുന്നില്ല. ഇന്ത്യയിലെ മറ്റ് നഗരങ്ങളിലെ സ്റ്റേഡിയങ്ങൾ ഹോം വേദിയായി കണ്ടെത്താൻ ആർസിബി പരമാവധി ശ്രമിക്കണമെന്നാണ് മുംബൈയുടെ നിലപാട്. ബംഗളൂരുവിന് പുറമെ മറ്റൊരു ഹോം ഗ്രൗണ്ട് കണ്ടെത്താൻ ആർസിബി ശ്രമിക്കുന്നതിനിടയിലാണ് മുംബൈയുടെ ഈ കർശന നിർദ്ദേശം വന്നിരിക്കുന്നത്. ഇതോടെ പൂനെ, ഹൈദരാബാദ് അല്ലെങ്കിൽ റാഞ്ചി തുടങ്ങിയ നഗരങ്ങളെ ആർസിബിക്ക് പരിഗണിക്കേണ്ടി വരും.
വിരാട് കോഹ്‌ലിക്ക് മുംബൈയിൽ വലിയ ആരാധകവൃന്ദമുണ്ടെന്നിരിക്കെ, ആർസിബി അവിടെ ഹോം മത്സരങ്ങൾ കളിക്കുന്നത് തങ്ങളുടെ ആരാധക പിന്തുണയെ ബാധിക്കുമോ എന്ന ആശങ്ക മുംബൈ ഇന്ത്യൻസിനുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.












