നമീബിയക്കെതിരായ രണ്ടാം മത്സരത്തിന് തൊട്ടുമുൻപ് ഇന്ത്യൻ ക്രിക്കറ്റ് ക്യാമ്പിൽ നിന്ന് പുറത്തുവരുന്നത് നിർണ്ണായക വാർത്തകളാണ്. മലയാളി താരം സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിലേക്ക് എത്തുമെന്ന റിപ്പോർട്ടുകൾ ആരാധകർക്കിടയിൽ ആവേശം പടർത്തിയിരിക്കുകയാണ്.
പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് അഭിഷേക് ത്രിപാഠിയുടെ റിപ്പോർട്ട് പ്രകാരം, ആരോഗ്യനില വഷളായതിനെ തുടർന്ന് ഓപ്പണർ അഭിഷേക് ശർമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ നാളെ നടക്കുന്ന മത്സരത്തിൽ ഇഷാൻ കിഷനൊപ്പം സഞ്ജു സാംസൺ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാനാണ് സാധ്യത.
കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി പ്ലേയിംഗ് ഇലവന് പുറത്തായിരുന്ന സഞ്ജു സാംസണ് തന്റെ മികവ് തെളിയിക്കാനുള്ള വലിയ അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. ലോകകപ്പ് പോലുള്ള വലിയൊരു വേദിയിൽ ഓപ്പണറായി ഇറങ്ങുന്നത് താരത്തിന് മികച്ച ഫോം കണ്ടെത്താൻ സഹായിക്കും. പനി മൂലം ആദ്യ മത്സരം നഷ്ടമായ ലോകോത്തര പേസർ ജസ്പ്രീത് ബുംറ ടീമിലേക്ക് തിരിച്ചെത്തും. ബുംറയുടെ സാന്നിധ്യം ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് കരുത്തേകും. ബുംറ എത്തുന്നതോടെ ആദ്യ മത്സരത്തിൽ കളിച്ച മുഹമ്മദ് സിറാജ് പുറത്തിരിക്കാനാണ് സാധ്യത.
അഭിഷേക് ശർമ്മയ്ക്ക് പകരം സഞ്ജു സാംസണും, പേസ് നിരയിൽ ബുംറയും എത്തുന്നതോടെ നമീബിയക്കെതിരെ ഇന്ത്യ കരുത്തുറ്റ നിരയെ തന്നെയാകും അണിനിരത്തുക. പാകിസ്ഥാനെതിരായ നിർണ്ണായക മത്സരത്തിന് മുൻപ് ടീമിന് ആത്മവിശ്വാസം നൽകുന്ന ഒന്നാകും ഈ പോരാട്ടം.












