ന്യൂഡൽഹി : പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിൽ നിലപാട് വ്യക്തമാക്കി ലോക്സഭാ സ്പീക്കർ ഓം ബിർള. അവിശ്വാസ പ്രമേയത്തിൽ തീരുമാനമെടുക്കുന്നത് വരെ സഭയിൽ അധ്യക്ഷനാകില്ല എന്ന് ഓം ബിർള അറിയിച്ചു. നോട്ടീസ് സമഗ്രമായി പരിശോധിച്ച് ആവശ്യാനുസരണം ഉചിതമായ നടപടി സ്വീകരിക്കാൻ അദ്ദേഹം ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ്ങിനോട് ആവശ്യപ്പെട്ടു.
സഭാ നടപടികൾക്കിടെ ബിർള പക്ഷപാതപരമായി പെരുമാറിയെന്നും കോൺഗ്രസ് എംപിമാർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് തന്റെ ഭരണഘടനാ പദവി ദുരുപയോഗം ചെയ്തെന്നും ആണ് അവിശ്വാസ പ്രമേയത്തിൽ പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരിക്കുന്നത്. കോൺഗ്രസ്, ഡിഎംകെ, സമാജ്‌വാദി പാർട്ടി, ശിവസേന (യുബിടി), എൻസിപി (എസ്പി) തുടങ്ങിയ പാർട്ടികളിൽ നിന്നുള്ള 118 എംപിമാരാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടിട്ടുള്ളത്. അതേസമയം തൃണമൂൽ കോൺഗ്രസ് എംപിമാർ സ്പീക്കർക്കെതിരായ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാതെ വിട്ടു നിന്നു.








