തിരുവനന്തപുരം ; വിദ്യാർത്ഥികൾക്കുള്ള നോട്‌സ് വാട്‌സ്ആപ്പ് പോലുള്ള സാമൂഹ്യമാദ്ധ്യമങ്ങളിൽ നൽകുന്നത് വിലക്കി ഹയർസെക്കൻഡറി ഡയറക്‌ട്രേറ്റ് . ക്ലാസിൽ ഇരുന്ന് കുട്ടികൾ എഴുതി എടുക്കുമ്പോൾ അവർക്ക് നല്ല പഠനാനുഭവങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ കുട്ടികൾക്ക് ക്ലാസിൽ നിന്ന് നേരിട്ട് ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാവുന്നു. ഇതേ തുടർന്നാണ് ഈ രീതി പൂർണമായി ഒഴിവാക്കാൻ നിർദേശം എന്ന് ഹയർസെക്കൻഡറി ഡയറക്‌ട്രേറ്റ് പറഞ്ഞു.
ഇടവിട്ട് സ്‌കൂളുകളിൽ നേരിട്ട് സന്ദർശനം നടത്താൻ മേഖല ഡെപ്യൂട്ടി ഡയറക്ടർമാർക്ക് ഹയർ സെക്കൻഡറി അക്കാദമി വിഭാഗം ജോയിന്റ് ഡയറക്ടർ സുരേഷ് നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് കാലത്ത് കുട്ടികൾക്ക് ക്ലാസിൽ ഹാജരാകാൻ കഴിയാതിരുന്ന സാഹചര്യത്തിൽ അവരുടെ പഠനം മുടങ്ങാതിരിക്കാനാണ് ഓൺലൈൻ പഠന രീതി പ്രോത്സാഹിപ്പിച്ചിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ വാട്‌സ്ആപ്പ് വഴി കുട്ടികൾക്ക് നോട്‌സ് കൊടുക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട് എന്ന് രക്ഷിതാക്കൾ ബാലവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പുറമേ കൂടുതൽ നോട്‌സ് ആവുമ്പോൾ വിദ്യാർത്ഥികൾക്ക് പഠിക്കാൻ അമിതഭാരമാവുകയും ചെയ്യുന്നുണ്ട് എന്ന് പരാതിയിൽ പറയുന്നു. ഇതേ തുടർന്നാണ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർക്ക് ഇപ്പോഴത്തെ നിർദേശം പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.
Discussion about this post