നൂറ്റാണ്ടുകൾക്ക് മുൻപേ, ലോകം ഇന്ന് കാണുന്നത്ര പുരോഗമിച്ചിട്ടിലാത്ത കാലത്ത് മനുഷ്യൻ ഉപയോഗിച്ചിരുന്ന ഒരു ആയുധമാണ് കോടാലി. മരവും പാറക്കല്ലുകളുമായിരുന്നല്ലോ അന്ന് മനുഷ്യൻ വീട്ടുപകരണങ്ങൾ നിർമ്മിക്കാനായി ഉപയോഗിച്ചിരുന്നത്. മരങ്ങൾ വെട്ടാനും മുറിക്കാനും ഉപയോഗിച്ചിരുന്നവയാണ് കോടാലി.മരം കൊണ്ടുള്ള ഒരുപിടിയും ഉരുക്ക് കൊണ്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും ശക്തമായ ലോഹം,പാറക്കല്ല് കൊണ്ടോ ഉണ്ടാക്കിയ തലയും ഉൾപ്പെടുന്നതാണ് കോടാലി. സഹസ്രാബ്ദങ്ങളായി കോടാലി മനുഷ്യൻ ഉപയോഗിച്ചതിന് ഒട്ടേറെ തെളിവുകൾ പുരാവസ്തുഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്.
കോടാലിയെ ചുറ്റിപ്പറ്റി ചില പ്രയോഗങ്ങളും മലയാളത്തിലുണ്ട്. അതിലൊന്നാണ് കോടാലി കൈ. ശസ്ത്രുവിന് ആയുധമായി തീരുന്ന സ്വന്തം പാളയത്തിലുണ്ടായിരുന്ന ആളെ പരിഹസിക്കാനായാണ് കോടാലി കൈ എന്ന പ്രയോഗം ഉപയോഗിച്ച് വരുന്നത്. സ്വന്തം പാളയത്തിലുണ്ടായിരുന്ന ആളുടെ പ്രവർത്തികളും വാക്കുകളും എതിർപക്ഷത്ത് നിൽക്കുന്ന ആളുകൾക്ക് തങ്ങൾക്കെതിരായ നീക്കങ്ങൾക്കോ മറ്റോ പയോഗപ്രദമാകുന്ന ആളെ കോടാലി കൈയ്യനെന്ന് വിളിച്ചുവരുന്നു.
അതേസമയം ചെങ്കല്ല് വെട്ടാൻ പണിയായുധമാണ് മഴു.മരത്തിന്റെ തൊലി ചെത്താനും ഉപയോഗിക്കുന്നു.ചിലർ അറിവില്ലാതെ കോടാലിയെയും മഴു എന്നു പറയുന്നു. പക്ഷേ ഇത് തെറ്റാണ്. മഴുവും കോടാലിയും രണ്ടാണ്.പഴയകാലത്ത് യുദ്ധത്തിനുപയോഗിച്ചിരുന്ന ഒരു ആയുധമാണ് അങ്കമഴു. വെങ്കലയുഗം മുതൽ ഇത് പ്രചാരത്തിലിരുന്നു. കേരളോത്പത്തിയെക്കുറിച്ചുള്ള ഐതിഹ്യത്തിലെ പരശുരാമന്റെ മഴു പ്രസിദ്ധമാണ്. അതിപുരാതനകാലത്തു തന്നെ കേരളീയർക്ക് അങ്കമഴു സുപരിചിതമായിരുന്നു എന്നതിന്റെ തെളിവാണിത്. 11-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ സർവസാധാരണമായ ഒരായുധമായി അങ്കമഴു ഉപയോഗിച്ചിരുന്നു. തുടലുപയോഗിച്ച് കൈയിൽ ബന്ധിച്ചാണ് ഇതുകൊണ്ടുനടന്നിരുന്നത്. ഇംഗ്ലണ്ടിലെ രാജാവിന്റെയോ മറ്റു പ്രമുഖവ്യക്തികളുടെയോ മരണശേഷമുള്ള ചടങ്ങുകളിൽ സംബന്ധിക്കുന്ന സൈനികർ അങ്കമഴു ഇടതുകൈയിൽ തിരിച്ചുപിടിക്കുക പതിവായിരുന്നു. അങ്കമഴുവിന്റെ അഗ്രം കൂർത്തതും വായ്ത്തല മൂർച്ചയുള്ളതുമാണ്.
Discussion about this post