എറണാകുളം: നടൻ ബാലയ്‌ക്കെതിരായ മകൾ അവന്തികയുടെ തുറന്നുപറച്ചിലിൽ കൂടുതൽ വ്യക്തത വരുത്തി ഗായിക അമൃത സുരേഷ്. താൻ പറഞ്ഞ് പഠിപ്പിച്ച കാര്യമല്ല, മറിച്ച് സത്യമെന്താണ് എന്നാണ് മകൾ വെളിപ്പെടുത്തിയത് എന്ന് അമൃത പറഞ്ഞു. ബാലയിൽ നിന്നും ഒരുപാട് ശാരീരികവും മാനസികവുമായ പീഡനം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. സഹിക്കാതെ ആയപ്പോഴാണ് മകൾക്കൊപ്പം വീട് വിട്ടത് എന്നും അമൃത വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബാലയെ വിമർശിച്ച അവന്തികയ്‌ക്കെതിരെ വലിയ സൈബർ ആക്രമണം ആണ് ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അമൃതയുടെ പ്രതികരണം.
ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് അമൃത കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. മകളെ ഓർത്താണ് ഇതുവരെ താൻ ഒന്നും തുറന്നുപറയാതെ ഇരുന്നത് എന്ന് അമൃത പറഞ്ഞു. അമ്മയും താനും മകളും അഭിരാമിയും മാത്രമുള്ള ചെറിയ കുടുംബമാണ് എന്റെ. കഴിഞ്ഞ ദിവസം മകളുടെ പിറന്നാൾ ആയിരുന്നു. എന്നാൽ ഓരോ വാർത്തകൾ പ്രചരിക്കുന്നത് കാരണം അവൾക്ക് സന്തോഷമായി ഇരിക്കാൻ പോലും കഴിഞ്ഞില്ല. നിവൃത്തി ഇല്ലാതെ വന്നപ്പോഴാണ് ഫേസ്ബുക്കിൽ എല്ലാം തുറന്ന് പറയാൻ അവൾ തീരുമാനിച്ചത്. 12 വർഷം എങ്ങനെ ജീവിച്ചു എന്നത് ആ കുഞ്ഞുകുട്ടി കണ്ടിട്ടുള്ളതാണ് എന്നും അമൃത വ്യക്തമാക്കി.
താൻ മകളെ ബ്രെയിൻ വാഷ് ചെയ്തു എന്നാണ് പ്രധാന ആരോപണം. കോടതിയിൽ നിന്നും അവളെ വലിച്ചിഴച്ച് കാറിൽ കയറ്റി കൊണ്ടു പോയി എന്നത് സത്യമാണ്. അത് അവൾ അനുഭവിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ഇത്തരം ദുരനുഭവങ്ങൾ എല്ലായ്‌പ്പോഴും ഓർമ്മയിൽ ഉണ്ടാകും. മകൾ സ്‌കൂളിൽ പോകുന്ന സമയത്ത് പലരും വീട്ടിലെ പ്രശ്‌നത്തെക്കുറിച്ച് ചോദിക്കും. ഒരിക്കൽ മകളുടെ സഹപാഠി പറഞ്ഞത് നിന്റെ അമ്മ ചീത്തയാണെന്ന് അച്ഛൻ പറഞ്ഞല്ലോ എന്നാണ്. അന്ന് കരഞ്ഞുകൊണ്ടായിരുന്നു മകൾ വീട്ടിൽ എത്തിയത് എന്നും അമൃത പറഞ്ഞു.
അയാളെ വിവാഹം ചെയ്തത് മുതൽ കഷ്ടപ്പാട് ആയിരുന്നു. ചോര തുപ്പി താൻ വീട്ടിൽ കിടന്നിട്ടുണ്ട്. ഇപ്പോഴും പരിക്കുകൾ ഭേദമാകാൻ ചികിത്സ തുടരുകയാണ്. ബാല തന്നെ വിവാഹം കഴിക്കുന്നതിന് മുൻപ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇത് വിവാഹ നിശ്ചയം കഴിഞ്ഞാണ് അറിഞ്ഞത്. അച്ഛനും അമ്മയും ഈ വിവാഹത്തിൽ നിന്നും പിന്മാറാൻ നിർബന്ധിച്ചു. എന്നാൽ സ്‌നേഹം കൊണ്ട് അത് ചെയ്തില്ലെന്നും അമൃത കൂട്ടിച്ചേർത്തു.
Discussion about this post