തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി എംവി നടത്തിയ പത്ര സമ്മേളനത്തിന് പിന്നാലെ തിരിച്ചടിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. താൻ പാർട്ടിയെ ദുർബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചിൽ തുടർന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ചെന്ന പാർട്ടി സെക്രട്ടറിയുടെ പ്രതികരണത്തോടെ തന്റെ പരിമിതികൾ ഇല്ലാതായെന്നും ഇനി തുറന്ന പോരാട്ടത്തിന് ഇറങ്ങുകയാണെന്നും പി വി അൻവർ മലപ്പുറത്ത് പ്രതികരിച്ചു.
ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കർഷകരുടെ പ്രശ്‌നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. തനിക്ക് ജനപിന്തുണയുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടിയെ കുറിച്ചുൾപ്പെടെ പരിശോധിക്കും. രാഷ്രീയമായി പ്രതികരണ ശേഷി നഷ്ടപ്പെട്ട യുവാക്കളോടാണ് തനിക്ക് സംസാരിക്കാനുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയിൽ പറഞ്ഞാൽ കൃത്യമായ അന്വേഷണമാവുമോ?. തന്നെ കുറ്റവാളിയാക്കാൻ ശ്രമിക്കുന്നു. നാടകം നടത്തിയിട്ട് വസ്തുനിഷ്ടമായ അന്വേഷണമാണ് നടക്കുന്നതെന്ന് പറഞ്ഞാൽ വിളിച്ചുപറയുകയല്ലാതെ എന്ത് ചെയ്യണം.കപ്പൽ ഒന്നായി മുങ്ങാൻ പോകുന്നുവെന്ന് അൻവർ കൂട്ടിച്ചേർത്തു.
സ്വർണക്കടത്ത് പരാതിയിൽ ശരിയായ അന്വേഷണം നടക്കുന്നില്ല. വസ്തുനിഷ്ഠമായ അന്വേഷണം എന്ന പാർട്ടി സെക്രട്ടറിയുടെ നിലപാട് തെറ്റാണ്. തനിക്കെതിരെ മൂർദാബാദ് വിളിച്ച പാർട്ടി പ്രവർത്തകർ തന്നെ പിന്നീട് തനിക്ക് സിന്ദാബാദ് വിളിച്ചിട്ടുണ്ടെന്ന് പാർട്ടി പ്രവർത്തകർ അൻവറിനെതിരെ രംഗത്തിറങ്ങണമെന്ന ഗോവിന്ദന്റെ ആഹ്വാനത്തോട് അൻവർ പ്രതികരിച്ചു.
Discussion about this post