ഡല്‍ഹി: ജെ.എന്‍.യുവില്‍ അഫ്സല് ഗുരു അനുസ്മരണം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി പോലീസ് തിരച്ചലിലാരംഭിച്ചു. സി.പി.ഐ നേതാവ് ഡി.രാജയുടെ മകള്‍ അപരാജിതയടക്കം 10 വിദ്യാര്‍ത്ഥികളെ രാജദ്രേഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.
പരിപാടിയുമായി ബന്ധപ്പെട്ട് സംഘാടകനായ വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ പരിപാടിയുമായി ബന്ധമുള്ള ആറ് വിദ്യാര്‍ഥികളെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് കമീഷണര്‍ വൈസ് ചാന്‍സലര്‍ക്ക് കത്തുനല്‍കി. ഏഴ് വിദ്യാര്‍ഥികളെ കാമ്പസില്‍നിന്ന് അന്വേഷണങ്ങളുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്തു. ഇവര്‍ പഠനപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവരും.
കനയ്യ കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച ഏഴ് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിദ്യാര്‍ഥികളെ അടിച്ചമര്‍ത്താനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ഉള്‍പ്പെടെ പ്രമുഖനേതാക്കളും രംഗത്തെത്തിയിരുന്നു.
മോദി സര്‍ക്കാര്‍ ജെ.എന്‍.യുവില്‍ തെമ്മാടിത്തരം കാണിക്കുകയാണെന്ന് ക്യാമ്പസ് സന്ദര്‍ശിച്ച രാഹുല്‍ കുറ്റപ്പെടുത്തി. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ രാജ്യസഭാംഗം ഡി. രാജ എന്നിവരുടെ നേതൃത്വത്തില്‍ ഇടതുനേതാക്കള്‍ അഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്ക് നീതിലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ആര്.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് യെച്ചൂരി പറഞ്ഞു..
Discussion about this post