ദോശയുടെ വിലകുറയാത്തതിനു കാരണം ദോശയുണ്ടാക്കുന്ന തവയാണെന്ന് ആര്‍ബിഐ ഗവര്‍ണ്ണര്‍ രഘുറാം രാജന്. പണപ്പെരുപ്പം നിയന്ത്രിപ്പെടുമ്പോഴും ദോശയുടെ വില കുറയാത്തതെന്തുകൊണ്ടെന്ന വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിനാണ് ദോശ തവയാണ് വിലകുറയാത്തതിനു കാരണമെന്ന് രഘുറാം രാജന് മറുപടി നല്‍കിയത്.
ഇന്നും ദോശയുണ്ടാക്കുന്നത് പരമ്പരാഗത രീതിയിലാണ്. മാവ് തവയിലേക്കു പകര്‍ന്ന് ദോശയുണ്ടാക്കുന്ന രീതിയാണ്. അധികം കായികക്ഷമത ഇതിനാവശ്യമാണ്, തൊഴിലാളികള്‍ക്ക് കൂടുതല്‍ അധ്വാനം ആവശ്യമുള്ള ജോലികളുടെ വേതനവും, അനന്തരഫലമായി ഉത്പന്നത്തിന്റെ വിലയും വര്‍ദ്ധിക്കും അതാണ് ദോശയുടെ വില കുറയാത്തതിന് കാരണം-രഘുറാം രാജന് വിശദീകരിച്ചു.
ഫെഡറല്‍ ബാങ്ക് സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു ദോശ സ്നേഹിയായ ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യം. പണപ്പെരുപ്പം വര്‍ധിക്കുമ്പോള്‍ ദോശയുടെ വിലയും ഉയരുന്നു. എന്നാല്‍ ബാങ്കിംഗ് ഇടപെടലുകളിലൂടെ പണപ്പെരുപ്പം കുറയുമ്പോള്‍ ദോശയുടെ വില കുറയുന്നില്ല ഇതെന്തുകൊണ്ടാണ് എന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ചോദ്യം.
സാങ്കേതിക വിദ്യ വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതാണ് പല സംസ്ഥാനങ്ങളിലും സമ്പൂര്‍ണ്ണ വികസനം വരാത്തതിനു കാരണമെന്നും രഘുറാം രാജന് ചൂണ്ടിക്കാട്ടി. ഉല്പാദന മേഖലയില്‍ വിവിധയിടങ്ങളില്‍ തൊഴിലാളികളെ ഉപയോഗിക്കാം. അതിനാല്‍ തന്നെ ഫാക്ടറി മേഖലയില്‍ ഉല്പാദനം കൂടിയിട്ടുണ്ട്. ബാങ്കിംഗ് മേഖലയിലും സാങ്കേതിക വിദ്യയ്ക്ക് അനുസരിച്ച് സമ്പദ് വ്യവസ്ഥയും വളരുന്നു. എന്നാല്‍ മറ്റു ചില മേഖലകള്‍ സാങ്കേതിക വിദ്യയ്ക്ക് അനുസരിച്ച് വികസിക്കുന്നില്ല. അങ്ങനെ വികസിക്കാതിരിക്കുന്ന മേഖലകളിലാണ് വില ഉയരുന്നത്. ദോശയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
Discussion about this post