ശ്രീനഗർ : ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്ക്. കുൽഗ്രാം ജില്ലയിൽ രാവിലെയോടെയാണ് ഏറ്റുമുട്ടൽ നടന്നത്.
രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. പ്രദേശത്ത് വ്യാപകമായി തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റ സൈനികരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു. ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് കശ്മീർ ഐജിപി വികെ ബിർദി അറിയിച്ചു .
അധിഗാം ദേവ്‌സർ മേഖലയിൽ ഭീകരരുണ്ടെന്ന രഹസ്യവിവരം സംഘത്തിന് ലഭിച്ചിരുന്നു. ഇതേ തുടർന്ന് സുരക്ഷാ സേന പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിൽ ഭീകരർ വെടിവെക്കുകയായിരുന്നു. മേഖല സേന പൂർണമായും വളഞ്ഞിട്ടുണ്ട്. ജമ്മുകശ്മീരിലെ പോലീസും ഇന്ത്യൻ സേനയും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്.
ജമ്മുകശ്മീരിൽ മൂന്നാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഏറ്റുമുട്ടലുണ്ടായത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 ജില്ലകളിൽ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ 22ന് കിഷ്ത്വാർ ജില്ലയിലെ ചത്രു മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.
Discussion about this post