തിരുവനന്തപുരം: ഉപഭോക്തൃ സൗഹൃദ പരിപാടികള്‍ പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. അതിന്റെ ആദ്യനടപടിയെന്ന തരത്തില്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് ഉപഭോക്തൃ സേവന ദിനമായും തുടര്‍ന്നുള്ള ഒരാഴ്ചക്കാലം ഉപഭോക്തൃ സേവന വാരമായും ആചരിക്കാന്‍ തീരുമാനിച്ചതായി കെഎസ്ഇബി അറിയിച്ചു. .
ഒക്ടോബര്‍ 2ന് ഉപഭോക്തൃ സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കെഎസ്ഇബിയുടെ എല്ലാ ജീവനക്കാരും ഓഫീസര്‍മാരും ഓഫീസുകളില്‍ എത്തും. ‘സേവനങ്ങള്‍ വാതില്‍പ്പടിയില്‍’ പദ്ധതിയുടെ നടത്തിപ്പ് കൃത്യമായും കാര്യക്ഷമമായും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും കെഎസ്ഇബി വിശദീകരിക്കുന്നു.
പുതിയ കണക്ഷനുകള്‍ അനുവദിക്കുന്നതിന് നിയമപരമായ തടസങ്ങളൊന്നുമില്ലെങ്കില്‍ അപേക്ഷ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ ഉപഭോക്തൃ സേവന വാരമായി ആചരിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. കെ എസ്ഇബിയുടെ വിതരണ വിഭാഗം കാര്യാലയങ്ങള്‍ സന്ദര്‍ശിക്കുന്ന പൊതുജനങ്ങള്‍ക്ക് സവിശേഷ പരിഗണന നല്‍കി അവരുടെ പരാതികളും ആശങ്കകളും സംശയങ്ങളും പരിഹരിച്ചു നല്‍കും.
ഡിവിഷനുകളെ അടിസ്ഥാനമാക്കി ഉപഭോക്തൃ സംഗമം സംഘടിപ്പിക്കാനും സംഗമത്തില്‍ ജനപ്രതിനിധികള്‍, റെസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, മത, സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, പൗര പ്രമുഖര്‍ തുടങ്ങിയവരെ ക്ഷണിച്ച് അവരുമായി സംവദിക്കുവാനും കെഎസ്ഇബി യൂണിറ്റുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്.
സേവനത്തിലുണ്ടാകുന്ന പരിമിതികളും പരാതികളും തിരിച്ചറിഞ്ഞ് പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനായി അഭിപ്രായ സര്‍വ്വേ നടത്താനും, ‘ഉപഭോക്തൃ സദസ്സ് എന്ന പേരില്‍ വാട്‌സാപ് കൂട്ടായ്മകള്‍ രൂപീകരിച്ച് ഉപഭോക്താക്കളുമായി നിരന്തരം ആശയവിനിമയം നടത്താനും പദ്ധതിയുണ്ട്.
Discussion about this post