ചെന്നൈ: തമിഴ്നാട് മന്ത്രിസഭയിൽ പുനഃസംഘടന. അഴിമതി കേസിൽ കോടതി നടപടികൾ നേരിടുന്ന തമിഴ് നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയും, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനായ ഉദയനിധി സ്റ്റാലിനും മന്ത്രി സഭയിലേക്ക്. ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകും. ഇതേ പറ്റിയുള്ള അഭ്യൂഹങ്ങൾ മാസങ്ങൾക്ക് മുമ്പേ പ്രചരിച്ചിരുന്നു. ഇന്ന് വൈകിട്ട് 3.30ന് സത്യപ്രതിജ്ഞ ചെയ്തേക്കും. ഇത് സംബന്ധിച്ച് സ്റ്റാലിൻ ഗവർണർക്ക് കത്ത് നൽകി.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായതിനെ തുടർന്നാണ് സെന്തിൽ ബാലാജി വീണ്ടും മന്ത്രിയാകുന്നത്. സെന്തിൽ പുറത്തിറങ്ങിയതോടെ മന്ത്രിസഭയിൽ ഉടൻ പുനഃസംഘടന നടക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
നാല് മന്ത്രിമാരാകും പുതിയതായി അധികാരമേൽക്കുക. നിലവിലുള്ള മന്ത്രിസഭയിൽ നിന്നും മൂന്ന് മന്ത്രിമാരെ ഒഴിവാക്കിയിട്ടുണ്ട്. 2021 മേയിൽ മാത്രമാണ് ഉദയനിധി എം.എൽ.എ ആയത്. അത് വരെ സിനിമകളിൽ അഭിനയിക്കുകയായിരുന്നു അദ്ദേഹം. എം എൽ എ ആയി വെറും വർഷത്തിനുള്ളിൽ, അതായത് 2022 ഡിസംബറിൽ സ്റ്റാലിൻ മന്ത്രിസഭയിലെത്തി. നിലവിൽ കായിക യുവജനക്ഷേമ മന്ത്രിയാണ്.
ഇതോടു കൂടി മക്കൾ രാഷ്ട്രീയം തമിഴ്‌നാട്ടിൽ മൂന്നാം തലമുറയിലേക്ക് കടന്നിരിക്കുകയാണ്. മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകനാണ് എം കെ സ്റ്റാലിൻ.
Discussion about this post