ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ രംഗ്‌പുരി ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെ 46 കാരനായ പുരുഷനെയും 20 നും 26 നും ഇടയിൽ പ്രായമുള്ള നാല് പെൺമക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇത് കൂട്ട ആത്മഹത്യയോ കൊലപാതകത്തെ തുടർന്നുള്ള ആത്മഹത്യയോ ആണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.
നാല് നിലകളുള്ള കെട്ടിടത്തിലെ മൂന്നാം നിലയിലെ ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. കുടുംബം ഏറെക്കുറെ തനിച്ചായിരുന്നുവെന്നും പുരുഷൻ്റെ ഭാര്യ, അതായത് പെൺകുട്ടികളുടെ ‘അമ്മ ഓഗസ്റ്റിൽ കാൻസർ ബാധിച്ച് മരിച്ചതായും അയൽക്കാർ പോലീസിനോട് പറഞ്ഞു.
പ്രാഥമിക മെഡിക്കൽ പരിശോധനയിൽ മൃതദേഹത്തിൽ ബാഹ്യമായ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. എങ്ങനെയാണ് എന്തിനാണ് മരണം സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് വിഷയത്തെക്കുറിച്ച് അറിയാവുന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി . “ഞങ്ങൾ എല്ലാം ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്, എല്ലാ കോണുകളിൽ നിന്നും കേസ് പര്യവേക്ഷണം ചെയ്യുകയാണ്. ഇത് ആത്മഹത്യയാണോ അതോ കൊലപാതകത്തെ തുടർന്നുള്ള ആത്മഹത്യയാണോ എന്ന് ഉറപ്പില്ല, പോലീസ് വ്യക്തമാക്കി.
പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും പ്രാഥമിക അന്വേഷണങ്ങളും അനുസരിച്ച് ഇയാൾ കുറച്ച് മധുരപലഹാരങ്ങൾ വാങ്ങി അതിൽ വിഷം കലർത്തിയതാകാനാണ് സാധ്യത. ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെ പിതാവ് നീല നിറത്തിലുള്ള പൊതിയുമായി നടന്നുപോകുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇതിനുശേഷം കുടുംബാംഗങ്ങളെ ആരും നേരിട്ട് കണ്ടിട്ടില്ലെന്ന് പോലീസ് കൂട്ടിച്ചേർത്തു.
Discussion about this post